66എ ക്ക് പകരം കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമമുണ്ടാക്കുന്നുണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ്
Daily News
66എ ക്ക് പകരം കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമമുണ്ടാക്കുന്നുണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd April 2015, 2:08 pm

fadnavisമുംബൈ: സുപ്രീം കോടതി ഒഴിവാക്കിയ ഐ.ടി ആക്ടിലെ 66എ വകുപ്പിന് പകരമായി നിയമം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. 66എ വകുപ്പിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ പകരം നിയമം നിര്‍മ്മിക്കുമോ എന്ന ശിവസേന നേതാവ് നീലം ഗോര്‍ഹെയുടെ ചോദ്യത്തിന്  മറുപടി പറയുകയായിരുന്നു അദ്ദേഹം.

“മുന്‍ നിയമ പ്രകാരം ആര്‍ക്കെങ്കിലും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശ്ശം നടത്തിയാല്‍ അവരെ അഴിക്കുള്ളിലാക്കാമായിരുന്നു. എന്നാല്‍ ഇ നിയമം ഇല്ലാതായതോടെ ഈ അധമന്‍മാര്‍ക്ക് അത് തുടരാനുള്ള ധൈര്യം ലഭിക്കുന്നു. പഴയ നിയമത്തിനു പകരം സംസ്ഥാന സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കുമോ?” ഗോര്‍ഹെ ചോദിച്ചു.

സംസ്ഥാനം അങ്ങനെ ഒരു പുതിയ നിയമം ഉണ്ടാക്കേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അതിനുവേണ്ടി ശ്രമിക്കുകയാണെന്നും ഫട്‌നാവിസ് പറഞ്ഞു. പുതിയ നിയമം പഴയതിനേക്കാള്‍ ശക്തവും ശിക്ഷാവിധികളുള്ളതുമായിരിക്കുമെന്നും ഫട്‌നാവിസ് മറുപടിയായി പറഞ്ഞു. 2013 ല്‍ ഐടി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 937 കേസുകളാണെന്നും 2014 അത് 2,696 ആയി വര്‍ധിച്ചിട്ടുണ്ട്. സൈബര്‍ കുറ്റ കൃത്യങ്ങള്‍ തടയുന്നതിനായി പോലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നുമുണ്ട്  ഫട്‌നാവിസ് പറഞ്ഞു.