| Friday, 19th January 2024, 5:17 pm

റേഷൻ കടകളിൽ മോദിയുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നില്ല ; ബംഗാളിന്റെ 7000 കോടിയുടെ ഫണ്ട് തടഞ്ഞുവെച്ച് കേന്ദ്ര സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: റേഷൻ കടകളിൽ മോദിയുടെ ഫോട്ടോ പ്രദർശിപ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ബംഗാളിന്റെ 7000 കോടിയുടെ ഫണ്ട് തടഞ്ഞു വെച്ച് കേന്ദ്ര സർക്കാർ.  നേരത്തെ ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകളിൽ ഒന്നിൽപോലും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എൻ.എഫ്.എസ്‌ .എ) ലോഗോയും സൈൻബോർഡുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും അടങ്ങിയ ഫ്ലെക്സുകളും സ്ഥാപിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്യത്തിലുള്ള സർക്കാർ തയ്യാറായിരുന്നില്ല.

തുടർന്നാണ് കേന്ദ്രത്തിന്റെ പദ്ധതികൾക്കായി നെല്ല് സംഭരിക്കാൻ സംസ്ഥാന സർക്കാരിന് അനുവദിച്ച 7,000 കോടി രൂപ തടഞ്ഞുവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചത്. തുക തരാൻ കേന്ദ്രം വിസമ്മതിക്കുന്നത് നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ നെല്ല് ശേഖരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് അധികൃതർ പറയുന്നു.

കേന്ദ്രത്തിന്റെ എൻ.എഫ്.എസ്‌.എ പദ്ധതികൾക്കായി ഈ സാമ്പത്തിക വർഷം മാത്രം സംസ്ഥാന സർക്കാർ ഇതിനകം 8.52 ലക്ഷം ടൺ അരിയാണ് സംഭരിച്ചത്. 70 ലക്ഷം ടൺ നെല്ല് എന്ന വാർഷിക ലക്ഷ്യത്തിന് വേണ്ടി ഈ വർഷം കേന്ദ്ര പൂളിന്റെ അളവ് ഉൾപ്പെടെ 22 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്. എന്നാൽ കേന്ദ്രത്തിന് വേണ്ടി സംഭരിച്ച നെല്ലിന്റെ തുക സംസ്ഥാന സർക്കാറിന് ഇതുവരെ തിരിച്ച് ലഭിച്ചിട്ടില്ല.

കേന്ദ്രം റീ ഇംബേഴ്‌സ്‌മെന്റ് മരവിപ്പിക്കുന്നത് ഖാരിഫ് സീസണിലെ നെല്ല് സംഭരണത്തെ ബാധിക്കും. ഖാരിഫ് സീസണിൽ വാർഷിക ലക്ഷ്യമായ 70 ലക്ഷം ടണ്ണിന്റെ 80 ശതമാനവും സംഭരിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്തിന് മതിയായ ഫണ്ട് ലഭിച്ചില്ലെങ്കിൽ മുഴുവൻ പ്രക്രിയയെയും ഇത് ബാധിക്കും.

എല്ലാ റേഷൻ കടകളിലും മോദിയുടെ ഫോട്ടോകളും എൻ.എഫ്.എസ്‌.എ ലോഗോയും പതിച്ച സൈൻ ബോർഡുകളും ഫ്ലെക്സുകളും സ്ഥാപിക്കാൻ കേന്ദ്രം പലതവണ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlight : Centre withholds ₹7,000 Cr funds to West Bengal for not displaying PM photo at ration shops

We use cookies to give you the best possible experience. Learn more