ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജോലി പ്രവേശിക്കാനുള്ള പ്രായപരിധി ഇളവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. 2007 മുതലുള്ള ഉത്തരവാണ് പിന്‍വലിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി.
‘2002ലെ ഗുജറാത്ത് കലാപത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാരാ മിലിട്ടറി സേനകള്‍, ഐ.ആര്‍ ബറ്റാലിയനുകള്‍, സംസ്ഥാന പൊലീസ് സേനകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയിലെ നിയമനങ്ങളില്‍ നല്‍കിയിരുന്ന മുന്‍ഗണന പിന്‍വലിച്ചിരിക്കുന്നു,’ കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്.
മാര്‍ച്ച് 28ന് ഗുജറാത്ത് ചീഫ് സെക്രട്ടറിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മന്ത്രാലയം ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
2007 ജനുവരിയില്‍ യു.പി.എ സര്‍ക്കാര്‍ ഭരണത്തിലിരിക്കെ നടപ്പിലാക്കിയ ഇളവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.
സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമേയായിരുന്നു യു.പി.എ സര്‍ക്കാരിന്റെ ഈ ഇളവ് പ്രഖ്യാപനം. 2014ല്‍ ഈ ഇളവ് സി.എ.എസ്.എഫ് അടക്കമുള്ള കൂടുതല്‍ സേനകളിലേക്കും കേന്ദ്ര സര്‍ക്കാര്‍ വ്യാപിപ്പിച്ചിരുന്നു.
കഴിഞ്ഞ 18 വര്‍ഷമായി ഈ ഇളവ് നല്‍കിവരുന്നുമുണ്ട്. എന്നാല്‍ ഇളവ് പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും സഹോദരങ്ങള്‍ക്കും പ്രായപരിധി ഇളവ് ലഭിച്ചിരുന്നു.
അതേസമയം 2015 ജൂലൈയില്‍ കലാപത്തിലെ ഇരയുടെ ബന്ധുവിന് കാരുണ്യ അടിസ്ഥാനത്തില്‍ ജോലി നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
കലാപബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതുകൊണ്ട് തന്നെ സര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്നതിനുള്ള കൂടുതല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. പ്രസ്തുത കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
Content Highlight: Centre withdraws age relaxation for relatives of Gujarat riot victims in job