ന്യൂദല്‍ഹി: മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ നിന്നും ടെലികോം കമ്പനികളെ സര്‍ക്കാര്‍ തടയേണ്ടതില്ലെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ.
വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരോ ടെലികോം റെഗുലേറ്ററി അതോറിറ്റിയോ ഇടപെടുകയോ കമ്പനികളെ തടയുകയോ ചെയ്യില്ലെന്നാണ് ട്രായുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
‘ഇന്ത്യയിലെ താരിഫുകള്‍ ഇപ്പോഴും ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. കമ്പനികള്‍ അവരുടെ സേവനങ്ങളുടെ ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘ടെലികോം മേഖലയില്‍ നിലവില്‍ തന്നെ വേണ്ടത്ര മത്സരമുണ്ട്, അധികാരികളുടെ ഇടപെടല്‍ ആവശ്യമായി വരുന്ന സാഹചര്യം നിലവിലില്ല. ഉപഭോക്താക്കള്‍ക്ക് വിലക്കയറ്റത്തിന്റെ ഒരു ചെറിയ പ്രശ്‌നം നേരിട്ടേക്കാം. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിരക്ക് വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്ന കാര്യം മറക്കരുത്,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് സ്വകാര്യ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് 11 മുതല്‍ 25% വരെ ഉയര്‍ത്തിയത്. വലിയ വര്‍ധനവ് ആകുമ്പോഴും മിതമായ നിരക്ക് വര്‍ധന മാത്രമാണ് ഇതെന്നാണ് സര്‍ക്കാരിന്റേയും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടേയും വാദം.
2024-മായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ 2.7% ല്‍ നിന്ന് ഗാര്‍ഹിക ചെലവിന്റെ 2.8% വരെ ഇത് ഉയര്‍ന്നേക്കാം. ഗ്രാമീണ കുടുംബങ്ങളില്‍, ഇത് 4.5% ല്‍ നിന്ന് 4.7% ആയി ചിലവ് ഉയരും,
എന്നാല്‍ താരിഫില്‍ വരുത്തുന്ന 13% വര്‍ധനവ് മിതമായതാണെന്നും ഗാര്‍ഹിക ചെലവുകളില്‍ ഇത് വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ജിയോയുടെ താരിഫുകളിലെയും 5Gയിലേയും വര്‍ധനവ് ആളുകളെ വലിയ രീതിയില്‍ തന്നെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനിടെ തന്നെ വന്നിട്ടുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ ഇത് ശരിയായ രീതിയില്‍ തന്നെ ഉള്‍ക്കൊള്ളുമെന്നാണ് ട്രായ് പറയുന്നത്.
‘ടെലികോം താരിഫുകളുടെ കാര്യത്തില്‍ ചില നയങ്ങളുണ്ട്. താരിഫുകള്‍ നിശ്ചയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ അവര്‍ ഉപഭോക്താക്കള്‍ക്ക് നല്ല നിലവാരമുള്ള സേവനം നല്‍കണം,’ ടെലകോം അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സാമ്പത്തികമായി ആരോഗ്യകരമായ ഒരു ബിസിനസ് മോഡല്‍ ആകണമെങ്കില്‍ ഓരോ ഉപയോക്താവിന്റേയും മൊബൈല്‍ കണക്ഷനില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനം ഉയരണമെന്നും ഇതാണ് നിരക്ക് വര്‍ധനക്ക് കാരണമെന്നുമാണ് ടെലികോം കമ്പനികള്‍ പറയുന്നത്.
റിലയന്‍സ് ജിയോ, പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്ക് 12 മുതല്‍ 25 ശതമാനം വരെയാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഒരു ഉപയോക്താവില്‍ നിന്നുള്ള ജിയോയുടെ പ്രതിമാസ ശരാശരി വരുമാനം 2024 മാര്‍ച്ച് വരെ 181.7 രൂപയായിരുന്നു. ഇത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
ജിയോ കുറഞ്ഞ പ്ലാന്‍ ഇനി 189 രൂപയുടേതായിരിക്കും. അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗിനൊപ്പം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 155 രൂപയുടെ പ്ലാനില്‍ 22 ശതമാനമാണ് നിരക്ക് വര്‍ധന. ജിയോയുടെ ഏറ്റവും ചെലവുകുറഞ്ഞ പ്രതിമാസ പ്ലാനിന്റെ നിരക്ക് 189 രൂപയായി ഉയര്‍ത്തി. 209 രൂപ മുതല്‍ 399 രൂപ വരെയുള്ള മറ്റ് പ്ലാനുകളുടെ നിരക്ക് 12 ശതമാനത്തിലധികമാണ് വര്‍ധിപ്പിച്ചത്. 399 രൂപയുടെ പ്ലാനിന് ഇനി 449 രൂപ നല്‍കണം.
ഇതിന് പിന്നാലെയാണ് എയര്‍ടെല്ലും നിരക്ക് വര്‍ധിപ്പിച്ചത്. ജൂലൈ മൂന്ന് മുതല്‍ ആണ് എയര്‍ടെല്‍ മൊബൈല്‍ താരിഫുകള്‍ ഉയര്‍ത്തിയിരിക്കുന്നത് എന്‍ട്രി ലെവല്‍ പ്ലാനുകളില്‍ മിതമായ നിരക്കില്‍ ആണ് വര്‍ധന വരുത്തിയിരിക്കുന്നത്. പ്രതിദിനം 70 പൈസയില്‍ താഴെയാണ് നിരക്ക് വര്‍ധന.
എയര്‍ടെലിന് നിലവിലെ സാഹചര്യത്തില്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയ്ക്ക് മുകളിലായിരിക്കണമെന്ന് കമ്പനി പറയുന്നു. നെറ്റ്‌വര്‍ക്ക് സാങ്കേതികവിദ്യയ്ക്കും സ്‌പെക്ട്രം വിതരണത്തിനും നിക്ഷേപം ലഭിക്കുന്നതിന് വരുമാനം ഉറപ്പുവരുത്തണമെന്നും കമ്പനി പറയുന്നു.
എയര്‍ടെല്ലിന്റെ 28 ദിവസത്തെ 179 രൂപയുടെ പ്ലാനിന് ഇനി 199 രൂപയാകും. 84 ദിവസത്തെ 455 രൂപയുടെ പ്ലാനിന് 509 രൂപ ലഭിക്കും. 399 രൂപയുടെ പ്ലാനിന് 449 രൂപയായി നിരക്ക് ഉയരും.
Content Highlight: Centre Will not intervene in Airtel, Reliance Jio tariff hike