| Sunday, 26th December 2021, 8:02 am

കേന്ദ്രം പിന്നോട്ടുതന്നെ; കര്‍ഷകരുടെ മറുപടിയില്‍ പതറി തോമര്‍; പറഞ്ഞതുതിരുത്തി, വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമം തിരിച്ചുകൊണ്ടുവരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് പ്രസ്താവന തിരുത്തി തോമര്‍ രംഗത്തുവന്നത്.

നിയമം പിന്‍വലിച്ചതില്‍ സര്‍ക്കാറിന് നിരാശയില്ലെന്നും ഒരടി പിന്നോട്ട് പോയെങ്കിലും വീണ്ടും മുന്നോട്ട് വരുമെന്നുമായിരുന്നു തോമര്‍ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു കാര്‍ഷിക നിയമ ഭേദഗതിയെന്നും ചിലര്‍ക്കത് ഇഷ്ടപ്പെട്ടില്ലെന്നും തോമര്‍ പറഞ്ഞിരുന്നു.

മന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ മറുപടിയുമായി അഖിലേന്ത്യ കിസാന്‍ സഭ രംഗത്തുവന്നിരുന്നു.

കാര്‍ഷിക നിയമവുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വന്നാല്‍ കര്‍ഷക സമരം ശക്തമാക്കുമെന്നായിരുന്നു അഖിലേന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) പറഞ്ഞത്. തങ്ങളോ കര്‍ഷകരോ സമരം അവസാനിപ്പിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്നും കേന്ദ്രത്തിന്റെ കുതന്ത്രം വിലപ്പോവില്ലെന്നും എ.ഐ.കെ.എസ് നേതാവ് പി.കൃഷ്ണപ്രസാദ് പറഞ്ഞിരുന്നു.

ഒരടി പിറകോട്ട് വെച്ച് രണ്ടടി മുന്നോട്ട് വെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ രണ്ടടി മുന്നോട്ട് വെച്ചാല്‍ കര്‍ഷകര്‍ നാലടി മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ന്യായീകരണവുമായി തോമര്‍ രംഗത്തുവന്നത്. കാര്‍ഷിക നിയമം തിരികെ കൊണ്ടുവരുമെന്നല്ല കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നാണ് തോമര്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Centre Will Not Bring Back Farm Laws, Clarifies Agriculture Minister

Latest Stories

We use cookies to give you the best possible experience. Learn more