ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ നിലവിലെ ഗവര്‍ണറുടെ കാലാവധി ജൂണ്‍ 27ന് അവസാനിക്കാനിരിക്കെ രാഷ്ട്രീയക്കാരനെ പുതിയ ഗവര്‍ണറെ കൊണ്ടുവരാന്‍ ബി.ജെ.പി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പൊലീസ്, സിവില്‍ സര്‍വ്വീസ്, മിലിറ്ററി പശ്ചാത്തലമുള്ള ആളുകളെ ജമ്മു കശ്മീര്‍ ഗവര്‍ണറായി നിയമിക്കുകയെന്ന രീതിയായിരുന്നു ഇതുവരെ തുടര്‍ന്നുപോയിരുന്നത്.
കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. മുന്‍ സിവില്‍ സര്‍വന്റായിരുന്ന വി.എന്‍ വോഹ്‌റയാണ് നിലവില്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍. ജൂണ്‍ 27ന് കാലാവധി അവസാനിക്കുമെങ്കിലും ജൂണ്‍ 28 മുതല്‍ ആഗസ്റ്റ് 26വരെ നീണ്ടുനില്‍ക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടനകാലം വരെ അദ്ദേഹം തുടരുമെന്നാണ് റിപ്പോര്‍ട്ട്.
അതിനുശേഷം പുതിയ ആളെകൊണ്ടുവരികയാണെങ്കില്‍ അത് രാഷ്ട്രീയ രംഗത്തുനിന്നുള്ളയാളായിരിക്കുമെന്നാണ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതിനു പിന്നാലെ ബുധനാഴ്ചയാണ് ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കുന്നത്.
പഞ്ചാബ് കേഡറിലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ മുന്‍ ഓഫീസറായിരുന്നു 82 കാരനായ വൊഹ്‌റ. 18വര്‍ഷത്തിനിടെ ജമ്മു കശ്മീര്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്ന, ആര്‍മി, ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ് ഇതര വിഭാഗത്തില്‍ നിന്നുള്ള ആദ്യ ആളായിരുന്നു അദ്ദേഹം.