| Tuesday, 14th June 2016, 11:00 am

പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഖാദി യൂണിഫോം നിര്‍ബന്ധമാക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഖാദി വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഖാദി യൂണിഫോം നിര്‍ബന്ധമാക്കുന്നു. ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ്.

പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇതനുസരിച്ച് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുന്നവരാകും ഖാദി യൂണിഫോം ധരിക്കേണ്ടിവരുക. പദ്ധതിയുടെ ഭാഗമായി പെട്രോള്‍ പമ്പുകളിലെ സ്ഥിരജീവനക്കാരും കരാര്‍ ജീവനക്കാരും ഖാദി നിര്‍മ്മിത യൂണിഫോം ധരിക്കേണ്ടി വരും.

പെട്രോളിയം മന്ത്രാലയം കൂടാതെ ഉത്തരാഖണ്ഡിലെ തപാല്‍ വകുപ്പ്, ദല്‍ഹി പോലീസ്, പ്രതിരോധമന്ത്രാലയം എന്നീ വകുപ്പുകളിലും ഖാദി യൂണിഫോം നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ ഖാദി ഉപയോഗിച്ചുളള വസ്ത്രം ധരിക്കണമെന്നുളള പദ്ധതി വന്നതോടെ ഖാദി വ്യവസായ മേഖല മികച്ച പുരോഗതി നേടിയെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ വിനയ്കുമാര്‍ സക്‌സേന പറഞ്ഞു.

ചെറുകിട വ്യവസായ സംരഭത്തിന്റെ കീഴില്‍ വരുന്ന ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 29 ശതമാനം വര്‍ദ്ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടാനായത്. ഈ വര്‍ഷവും വിവിധ സ്വകാര്യസ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലുമായി കോടികളുടെ പദ്ധതികള്‍ക്കാണ് ഖാദി വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more