| Monday, 7th December 2020, 3:17 pm

ചര്‍ച്ചയ്ക്ക് മുന്‍പ് ഒരു കാരണവശാലും ഭേദഗതിയുടെ കരട് കര്‍ഷകര്‍ക്ക് നല്‍കില്ലെന്ന് ശഠിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം ചര്‍ച്ചകളില്‍ മാത്രം ഒതുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍.

നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് ചര്‍ച്ചചെയ്യാനും സംവദിക്കാനും കര്‍ഷകരെ സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് മുന്‍പ് കര്‍ഷകര്‍ക്ക് ഭേദഗതിയുടെ കരട് നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ സര്‍ക്കാര്‍ കരട് തങ്ങള്‍ക്ക് അയച്ചുകഴിഞ്ഞാല്‍, യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് തങ്ങള്‍ക്ക് അതിന്മേല്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുെമന്നാണ് കര്‍ഷകര്‍ പറഞ്ഞത്. ഇത് അംഗീകരിക്കില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

കര്‍ഷകര്‍ ആവശ്യപ്പെട്ടത്ര ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ചിലര്‍ക്കത് ബോധ്യപ്പെട്ടിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ അവകാശവാദം. കര്‍ഷകര്‍ക്കിടയില്‍ തന്നെ ഭിന്നത ഉള്ളതുപോലെ തോന്നുന്നെന്നും ചിലര്‍ക്ക് ഭേദഗതിയെക്കുറിച്ച് മനസ്സിലായെന്നും ചിലര്‍ മാത്രമാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതെന്നുമാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

ഭേദഗതികള്‍ ആവശ്യപ്പെടുക മാത്രമല്ല, പ്രതിഷേധവും പ്രക്ഷോഭവും സുഗമമാക്കുന്നതിന് സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളും നല്‍കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും കര്‍ഷകര്‍ ആവശ്യങ്ങളുടെ പട്ടികയുമായാണ് സമീപിച്ചതെന്നും വൃത്തങ്ങള്‍ ആരോപിക്കുന്നു.

കര്‍ഷക പ്രതിഷേധം പതിനൊന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ചെവികൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കേന്ദ്രവും കര്‍ഷകരും നടത്തിയ ചര്‍ച്ചകള്‍ പൂര്‍ണ പരാജയമപ്പെടുമ്പോഴും ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ എന്ന് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇനിയും ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

‘ ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കണ്ടെത്താനാകൂ, കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം ദീര്‍ഘനാള്‍ തുടരാന്‍ തയ്യാറാണെങ്കില്‍ സര്‍ക്കാരും ഒരുങ്ങിത്തന്നെയാണ്,” എന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്.

അതേസമയം, കര്‍ഷകരുടെ സമരം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.

പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ചൊവ്വാഴ്ച കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തും. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഭാരത് ബന്ദിന് കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Centre unlikely to share draft amendments to farm laws with protestors before talks, hopes to resolve agitation through dialogue: Report

We use cookies to give you the best possible experience. Learn more