| Thursday, 19th September 2019, 1:56 pm

'എല്‍.ഐ.സി നിക്ഷേപത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ 10.5ലക്ഷം കോടി കൊള്ളയടിച്ചു'; സാധാരണക്കാരുടെ പണം എടുത്തത് ഐ.ഡി.ബി.ഐ ബാങ്കിനെ സംരക്ഷിക്കാനെന്നും കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.ഡി.ബി.ഐ ബാങ്കിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ കേന്ദ്രം എല്‍.ഐ.സിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അജയ് മാക്കന്‍ ആണ് എന്‍.ഐ.സിയില്‍ പോളിസി ഹോള്‍ഡര്‍മാര്‍ നിക്ഷേപിച്ച തുക കേന്ദ്രം ഉപയോഗിക്കുകയും ഇതുവഴി എന്‍.ഐ.സിയെ പ്രതിസന്ധിയിക്കിയെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയത്.

എല്‍.ഐ.സി നിക്ഷേപിച്ച 21000 കോടി രൂപ ഐ.ഡി.ബി.ഐ ബാങ്കിന് കേന്ദ്രം നല്‍കുകയായിരുന്നെന്നാണ് അജയ്മാക്കന്റെ ആരോപണം.
റിസര്‍ബാങ്കിന്റെ കരുതല്‍ പണവും കേന്ദ്രം കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

‘ഞാനും നിങ്ങളും അടക്കം എല്‍.ഐ.സിയില്‍ നിക്ഷേപിക്കുകയും അവര്‍ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്ത 10.5 ലക്ഷം കോടി രൂപ കേന്ദ്രം കൊള്ളയടിച്ചു.’ അജയ് മാക്കന്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആര്‍.ബി.ഐ ഹാന്‍ഡ്ബുക്കില്‍ ചില വെളിപ്പെടുത്തല്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

‘1956-2014 മുതല്‍ എല്‍.ഐ.സിയുടെ പൊതുമേഖലയിലെ മൊത്തം നിക്ഷേപം 11.94 ലക്ഷം കോടി രൂപയാണ്. എന്നാല്‍ 2015 മുതല്‍ 2019 വരെ ഇത് 22.64 ലക്ഷം കോടിയായി, അതായത്. ഇരട്ടിയോ 10.7 ലക്ഷം കോടി രൂപയുടെ വര്‍ധനയോ ഇതില്‍ ഉണ്ടായിട്ടുണ്ട്.’ അജയ് മാക്കന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018 ല്‍ ഐ.ഡി.ബി.ഐ ബാങ്കില്‍ എല്‍.ഐ.സി 21000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അതായത് 51 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 9,300 കോടി രൂപ ഐ.ഡി.ബി.ഐയില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതില്‍ 4743 കോടി രൂപ എല്‍.ഐ.സിയില്‍ നിന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ സാമ്പത്തികമേഖല കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പി വളരെ പിറകിലാണെന്നും അവര്‍ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more