ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജമ്മു കശ്മീരില്‍ സൈന്യത്തിന് നല്‍കിയ പ്രത്യേക അധികാരം പിന്‍വലിക്കുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാന ചുമതല പൂര്‍ണമായും ജമ്മു കശ്മീര്‍ പൊലീസിന് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച ജമ്മു കശ്മീരിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ തീരുമാനം വ്യക്തമാക്കിയത്. ഏഴ് വര്‍ഷത്തേക്കുള്ള ജമ്മു കശ്മീരിന്റെ ഒരു ബ്ലൂ പ്രിന്റ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അവ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചാല്‍ തീരുമാനം നടപ്പാക്കുന്നതിലേക്ക് കടക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. ജമ്മു കശ്മീരിലെ ക്രമസമാധാന ചുമതലയില്‍ പൊലീസിനോടൊപ്പം തന്നെ കേന്ദ്ര സേനക്കും അധികാരമുണ്ട്.
ജമ്മു കശ്മീരിലെ അഫ്സ്പ ഉള്‍പ്പടെയുള്ള നിയമങ്ങള്‍ പിന്‍വലിക്കാനാണ് തീരുമാനം. അതിര്‍ത്തികളില്‍ മാത്രം സൈന്യത്തെ നിലനിര്‍ത്തി ബാക്കിയുള്ള പ്രദേശങ്ങളിലെ ക്രമസമാധാന ചുമതല പൊലീസിനെ ഏല്‍പ്പിക്കും. സെപ്റ്റംബര്‍ 30നുള്ളില്‍ ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Centre To Consider Revoking AFSPA, Pull Back Troops From Jammu and Kashmir: Amit Shah