ടിക്ക് ടോക്ക് നിരോധിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരും
ന്യൂദൽഹി: സോഷ്യൽ മീഡിയ ആപ്പായ ടിക്ക് ടോക്ക് നിരോധിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. മദ്രാസ് ഹൈകോടതി ടിക്ക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രസർക്കാറിന് നിർദേശം നൽകിയിതിന് പിന്നാലെയാണ് നീക്കം. ആപ്പിൾ, ഗൂഗിൾ തുടങ്ങി ടെക്ക് ഭീമൻമാരോട് അവരുടെ സ്റ്റോറുകളിൽ നിന്ന് ടിക്ക് ടോക്ക് നിരോധിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു.
ഗുണനിലവാരം പാലിക്കുന്നതിൽ പിന്നോക്കം പോയതാണ് ടിക്ക് ടോക്കിൻെറ തിരിച്ചടിക്കുള്ള പ്രധാന കാരണം. ഇതിനൊപ്പം ടിക്ക് ടോക്ക് ആസക്തി സൃഷ്ടിക്കുന്നതാണെന്ന വിമർശനവും ഉയർന്നിരുന്നു. ഇതോടെയാണ് ആപ്പിന് പൂട്ടിടണമെന്ന് മദ്രാസ് ഹൈകോടതി നിർദേശിച്ചത്. പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നുമാവും ടിക്ക് ടോക്ക് പിൻവലിക്കുക.
ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ടോകിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ആപ്പിലുടെ അശ്ലീല ദൃശ്യങ്ങൾ ഉൾപ്പടെ പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പുറമേ ആപ്പ് ദുരുപയോഗം ചെയ്ത വാർത്തകളും പുറത്ത് വന്നിരുന്നു.
ഫെബ്രുവരിയിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചതിന് ടിക്ക് ടോക്കിന് അമേരിക്കൻ സർക്കാരിന്റെ ഫെഡറൽ ട്രേഡ് കമ്മീഷൻ 5.7 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. അന്ന് ‘മ്യൂസിക്കലി’ എന്നായിരുന്നു ആപ്പിന്റെ പേര്.
മാതാപിതാക്കളെ സമ്മതമില്ലാതെ 13 വയസ്സിന് താഴെയുള്ള കുട്ടികളെ ആപ്പ് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഫെഡറൽ ട്രേഡ് കമ്മീഷൻ ടിക്ക് ടോക്കിനോട് ആവശ്യപ്പെട്ടിരുന്നു.