യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടും
India
യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th April 2014, 2:55 pm

[share]

[] ന്യൂദല്‍ഹി: ഗുജറാത്തിലെ ബുജ് സ്വദേശിനിയായ യുവതിയെ നരേന്ദ്ര മോദിക്ക് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ നിരീക്ഷിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാരിനെതിരെ സിറ്റിംഗ് ജഡ്ജിയുടെ അന്വേഷിക്കണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും.

നേരത്തെ ഈ വിഷയത്തില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരായ അന്വേഷണ തീരുമാനം കേന്ദ്രം മരവിപ്പിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരണമോ എന്ന് പുതുതായി ചുമതലയേല്‍ക്കുന്ന മന്ത്രിസഭയ്ക്ക് തീരുമാനിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്.

യുവതിയെ 2008 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷം നരേന്ദ്ര മോദിക്ക് വേണ്ടി സര്‍ക്കാര്‍ നിരീക്ഷിച്ചുവെന്ന വാര്‍ത്ത ഗുലൈല്‍ ഡോട് കോമാണ് പുറത്തുവിട്ടിരുന്നത്. യുവതിയെ നിരീക്ഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ജി.എല്‍ സിംഗാളും ഇന്റെലിജന്‍സ് ബ്യൂറോ ഐ.ജി എ.കെ ശര്‍മ്മയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടെ 39 ടേപ്പുകളാണ് ഗുലൈല്‍ പുറത്തുവിട്ടിരുന്നത്.

സംഭവം വിവാദമായതിനെതുടര്‍ന്ന് ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ രണ്ടംഗ കമ്മീഷനെ മോദി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

യു.പി.എ സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പ് മോദിക്കെതിരെ അന്വേഷണം ആരംഭിക്കുവാനാണ് കേന്ദ്രം ആലോചിക്കുന്നത്. രാഹുലും പ്രയങ്കയും തിരഞ്ഞെടുപ്പ് റാലികളില്‍ യുവതിയെ നിരീക്ഷിച്ച സംഭവമുന്നയിച്ച് മോദിയെ ശക്തമായ വിമര്‍ശിച്ചിരുന്നു.