| Thursday, 2nd June 2022, 11:53 pm

സമൂഹമാധ്യമ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഗ്രീവന്‍സ് ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യക്തികള്‍ നല്‍കുന്ന അപ്പീലുകള്‍ പരിശോധിക്കാന്‍ പ്രത്യേക അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍.

അപ്പീലുകള്‍ സ്വീകരിച്ച് 30 ദിവസത്തിനകം പാനല്‍ പരാതി തീര്‍പ്പാക്കണം. പാനലിന്റെ തീരുമാനം ഇടനിലക്കാര്‍ക്കോ ബന്ധപ്പെട്ട സമൂഹമാധ്യമ കമ്പനികള്‍ക്കോ ബാധ്യസ്ഥമായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

വിവിധ സമൂഹമാധ്യമങ്ങള്‍ മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം. അപ്പീല്‍ കമ്മിറ്റികളില്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളാണ് ഉണ്ടാകുക. ഒന്നോ അതിലധികമോ അപ്പീല്‍ കമ്മിറ്റികള്‍ നിര്‍മിച്ചേക്കാമെന്നും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗ്രീവന്‍സ് അപ്പീല്‍ കമ്മിറ്റികള്‍ ലഭിക്കുന്ന അത്തരം അപ്പീലുകള്‍ വേഗത്തില്‍ കൈകാര്യം ചെയ്യുകയും അപ്പീല്‍ ലഭിച്ച തീയതി മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ അപ്പീല്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കുകയും വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

2021മുതലാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സമൂഹ മാധ്യമങ്ങള്‍ ഒരു ഗ്രീവന്‍സ് ഓഫീസര്‍, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ എന്നിവരെ നിയമിക്കേണ്ടതുണ്ട്.

മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരായ ഏതെങ്കിലും പോസ്റ്റുകളോ മറ്റ് അനുബന്ധ ഡാറ്റകളോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Content Highlight; Centre to amend social media laws

We use cookies to give you the best possible experience. Learn more