| Monday, 4th October 2021, 8:47 pm

പാന്‍ഡോറ പേപ്പര്‍; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദല്‍ഹി: പാന്‍ഡോറ പേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വിവിധ കേന്ദ്ര ഏജന്‍സികളേയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ അംബാനി തുടങ്ങി പല ഉന്നതരുടെ പേരുകള്‍ പാന്‍ഡോറ പേപ്പറില്‍ ഉള്‍പ്പെട്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം.

അന്വേഷണസംഘത്തില്‍ ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), റിസര്‍വ് ബാങ്ക്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്.ഐ.യു) എന്നിവരാവും ഉണ്ടാവുക. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (സി.ബി.ഡി.ടി) ചെയര്‍മാനാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുക.

‘2021 ഒക്ടോബര്‍ മൂന്നിന് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്റവെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് 200 രാജ്യങ്ങളിലെ ഉന്നതരായ വ്യക്തികളുടെ, കണക്കില്‍പ്പെടാത്ത വിദേശ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നു.

അതിസമ്പന്നരായ വ്യക്തികളുടെ അധികാരപരിധിയില്‍ വരുന്ന ട്രസ്റ്റുകള്‍ ഫൗണ്ടേഷനുകള്‍ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് സേവനങ്ങള്‍ നല്‍കി വരുന്ന വിദേശ കമ്പനികളുടെ രഹസ്യ രേഖകള്‍ ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്,’ കേന്ദ്രം പ്രസ്താവനയില്‍ പറയുന്നു.

പ്രമുഖ വ്യവസായികളുടേയും സെലിബ്രിറ്റികളുടേയും അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പന്‍ഡോറ പേപ്പര്‍ പുറത്തു വിട്ടിരിക്കുന്നത്.

പല രാജ്യങ്ങളിലുള്ള ശതകോടീശ്വരന്മാര്‍ നികുതിവെട്ടിച്ച് എവിടെയൊക്കെയാണ് പണം നിക്ഷേപം നടത്തിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് പന്‍ഡോറ പേപ്പറില്‍ ഉള്ളത്.

300ല്‍ അധികം പ്രമുഖര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഇന്ത്യക്കാരും ഉണ്ടെന്നാണ് അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്.

ഇതില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും വ്യവാസായി അനില്‍ അംബാനിയുടേയും പേരുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനില്‍ അംബാനി താന്‍ പാപ്പരാണെന്ന് ബ്രിട്ടണിലെ കോടതിയില്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

18 കമ്പനികള്‍ വിദേശത്ത് രൂപീകരിച്ച് നിക്ഷേപങ്ങള്‍ നടത്തി അനില്‍ അംബാനി നികുതി വെട്ടിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള പനാമ പേപ്പര്‍ പുറത്തുവന്നതിന് പിന്നാലെ സച്ചിന്‍ വിദേശത്തുള്ള നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചെന്നും പന്‍ഡോറ പേപ്പറില്‍ പറയുന്നുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ജോര്‍ദാന്‍ രാജാവ്, ഉക്രെയ്ന്‍, കെനിയ, ഇക്വഡോര്‍ പ്രസിഡന്റുമാര്‍, ചെക്ക് റിപബ്ലിക്കിന്റെ പ്രധാനമന്ത്രി തുടങ്ങിയവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Centre takes note of Pandora Papers leak, orders multi-agency investigation

We use cookies to give you the best possible experience. Learn more