| Tuesday, 14th November 2023, 9:35 am

ഐ.ഐ.എമ്മുകളുടെ നിയന്ത്രണം ഇനി കേന്ദ്രത്തിന്റെ കൈയിൽ; ബോർഡുകളെ പിരിച്ചുവിടാനും അധികാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഐ.ഐ.എമ്മുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന പുതിയ നയങ്ങളുമായി കേന്ദ്രം. സ്വയം ഭരണ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ ഗവർണർമാരെയും ഡയറക്ടർമാരെയും ബോർഡ് നിയമനത്തിലാണ് പുതിയ നയങ്ങൾ കൊണ്ടുവന്നത്.

പുതിയ നയ പ്രകാരം ഇന്ത്യൻ പ്രസിഡന്റ്‌ ഓരോ ഐ.ഐ.എമ്മിലും ‘വിസിറ്ററാ’കും. ബോർഡിന്റെ ചെയർപേഴ്സൺ, ഡയറക്ടർ എന്നിവരുടെ നിയമനത്തിൽ അന്തിമ തീരുമാനം കേന്ദ്രത്തിന്റെതായിരിക്കും.

ഐ.ഐ.എം ഡയറക്ടർമാരുടെ യോഗ്യതാ മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഇനി മുതൽ ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും ഫസ്റ്റ് ക്ലാസ് വേണം. ഒപ്പം മികച്ച സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയോ തതുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം.

നേരത്തെ പി.എച്ച്.ഡിയോ തതുല്യമായ യോഗ്യതയോ ഉണ്ടായാൽ മതിയായിരുന്നു. ബിരുദങ്ങളിലെ ക്ലാസുകളെ കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല.

നേരത്തെ, രോത്താക് ഐ.ഐ.എം ഡയറക്ടറായിരുന്ന ധീരജ് ശർമയുടെ നിയമനം അദ്ദേഹത്തിന്റെ സെക്കന്റ്‌ ക്ലാസ് ബിരുദത്തെ തുടർന്ന് വിവാദത്തിലായിരുന്നു.

ആവശ്യമെങ്കിൽ ഡയറക്ടർമാരെ നിയമിക്കാനും സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും ബോർഡിനെ പിരിച്ചുവിടാനും പ്രസിഡന്റിന് ഇനി മുതൽ അധികാരം ലഭിക്കും.

പുതിയ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ, ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് ഉദ്യോഗാർത്ഥികളുടെ പേരുകൾ വിസിറ്റർക്ക് (പ്രസിഡന്റ്‌) മുമ്പാകെ സേർച്ച്‌ കം സെലക്ഷൻ കമ്മിറ്റി സമർപ്പിക്കും. സെർച്ച്‌ കമ്മിറ്റി നിർദേശിച്ച പേരുകളിൽ തൃപ്തയല്ലെങ്കിൽ കമ്മിറ്റിയിൽ നിന്ന് പുതിയ നിർദേശം സ്വീകരിക്കാനോ പുതിയ സെർച്ച്‌ കമ്മിറ്റിയെ ചുമതലപ്പെടുത്താനോ വിസിറ്റർക്ക് കഴിയും.

മുമ്പ്, ഡയറക്ടറുടെ നിയമനത്തിന്റെ പൂർണ അധികാരം ബോർഡിനായിരുന്നു. ബോർഡിനെ പിരിച്ചുവിടുന്ന വ്യവസ്ഥയും ഇല്ലായിരുന്നു. കേന്ദ്രസർവകലാശാലകളിലും ഐ.ഐ.ടികളിലും പ്രസിഡന്റാണ് വിസിറ്റർ. അവിടുത്തെ വൈസ് ചാൻസിലർമാരെയും ഡയറക്ടർമാരെയും നിയമിക്കുന്നതും പ്രസിഡന്റാണ്.

ഐ.ഐ.എമ്മുകളിൽ വിസിറ്റർ എന്ന നിലവിലെ ആക്ടിന്റെ ആശയം 2015ലാണ് സർക്കാർ കരട് രൂപത്തിൽ അവതരിപ്പിച്ചത്. എന്നാൽ സ്ഥാപനങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യപ്പെടും എന്ന് ചൂണ്ടിക്കാട്ടി ഐ.ഐ.എമ്മുകൾ ഈ നീക്കത്തെ എതിർത്തിരുന്നു.

ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുകയോ വിസിറ്റർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്തുകയോ പൊതുതാത്പര്യത്തെ തുടർന്നോ പ്രസിഡന്റ്‌ വഴി ഐ.ഐ.എം ബോർഡുകളെ പിരിച്ചുവിടാനുള്ള അധികാരമാണ് കേന്ദ്രത്തിന് ലഭിക്കുന്നത്.

Content Highlight: Centre takes control of IIMs, President to pick their directors

We use cookies to give you the best possible experience. Learn more