| Saturday, 3rd August 2024, 8:39 am

ആദിവാസി ക്ഷേമത്തിനുള്ള മുന്‍ പദ്ധതികള്‍ നടപ്പിലാക്കാതെ വീണ്ടും പ്രഖ്യാപനവുമായി കേന്ദ്രം; ആദ്യ പദ്ധതിയില്‍ പാഴായത് 1805 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആദിവാസി ഊരുകളുടെ ക്ഷേമത്തിനായി 2021ൽ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കാതെ തന്നെ ബജറ്റിൽ പുതിയ പദ്ധതി അവതരിപ്പിച്ച് കേന്ദ്രം. ആദിവാസി മേഖലകളിൽ അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ആരംഭിച്ച പ്രധാൻമന്ത്രി ആദി ആദർശ് ഗ്രാം യോജന ഇന്നും വേണ്ടവിധം നടപ്പിലാക്കാതെയാണ് കേന്ദ്രം പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ആദിവാസി സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് പുതിയ പദ്ധതിയായ പ്രധാൻ മന്ത്രി ജൻജാതിയ ഉന്നത് ഗ്രാമ അഭിയാൻ മുന്നോട്ട് വെക്കുന്നത്.

പുതിയ പദ്ധതി 63000 ഗ്രാമങ്ങളെ ഉൾക്കൊള്ളും. ഇത് അഞ്ച് കോടി ആദിവാസി ജനവിഭാഗത്തിന് പ്രയോജനപ്പെടുമെന്നാണ് സർക്കാർ പറയുന്നത്. പദ്ധതിക്കായുള്ള ബജറ്റ് വിഹിതത്തെക്കുറിച്ച് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പരാമർശിച്ചിട്ടില്ല. ഇത് നടപ്പിലാക്കാനുള്ള അന്തിമ രൂപവും സർക്കാർ ഇതുവരെ തയ്യാറാക്കിയിട്ടില്ല.

റോഡ്, വിദ്യാലയങ്ങൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാനായി 2021ൽ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി ആദി ആദർശ് ഗ്രാം യോജന ഇന്നും പ്രവർത്തന രഹിതമാണ്. അവശ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി അഞ്ച് വർഷ കാലയളവിലേക്ക് പുതിയ മാതൃക ഗ്രാമങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. വിവിധ സർക്കാർ പദ്ധതികളുടെ സംയോജനത്തിലൂടെയാണ് ഇത് നടപ്പിലാക്കാൻ ശ്രമിച്ചിരുന്നത്.

പ്രവർത്തനങ്ങൾക്കായി ഒരു ഗ്രാമത്തിന് 20. 38 ലക്ഷം രൂപ നൽകുകയും ചെയ്യും. എന്നാൽ ഇവയൊന്നും നടപ്പിലാക്കപ്പെട്ടില്ല. പദ്ധതി നടപ്പിലാക്കുന്നതിൽ വന്ന അനാസ്ഥയെക്കുറിച്ച് കോൺഗ്രസ് എം.പി പ്രമോദ് തിവാരി സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

ഇതിന് ട്രൈബൽ ഡിപ്പാർട്മെന്റിന്റെ ചുമതലയുള്ള സഹ മന്ത്രി ദുർഗാ ദാസ് ഉയ്കെ രേഖാമൂലം മറുപടിയും നൽകിയിരുന്നു. മറുപടിയിൽ പദ്ധതി പ്രകാരം 2 ,828.58 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിൽ 1,805.90 കോടി രൂപ വിനിയോഗിക്കപ്പെടാതെ കിടക്കുകയാണെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നുണ്ട്.

മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾ ഇതുവരെയും ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന് മന്ത്രാലയം പറഞ്ഞു. പദ്ധതി നടപ്പിലാക്കാൻ ഇനി രണ്ട് വർഷത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. എന്നാൽ ഇതുവരെയും പദ്ധതി നടപ്പിലാക്കുന്നതിൽ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയും പദ്ധതിയുടെ മന്ദഗതിയെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Content Highlight: Centre struggling to implement tribal scheme launched in 2021 but announced new one in Budget

We use cookies to give you the best possible experience. Learn more