ന്യൂദല്‍ഹി: ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സംസ്ഥാനങ്ങള്‍ നേരിട്ട് യാതൊരു തരത്തിലുള്ള ബന്ധങ്ങളും നിലനിര്‍ത്തരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഈ രാജ്യങ്ങളുമായി നടത്തുന്ന ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ഏത് ആശയവിനിമയവും കേന്ദ്രസര്‍ക്കാരിലൂടെ മാത്രമേ നടത്താന്‍ പാടുള്ളു എന്നാണ് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
മനുഷ്യക്കടത്തും ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് ഇറാഖ്, സിറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെയും ചിലപ്പോള്‍ കരുതല്‍ വേണ്ട വിദേശരാജ്യങ്ങളുടെ പട്ടികയില്‍ പെടുത്താറുണ്ട്.
ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ചില വിദേശരാജ്യങ്ങളിലെ സംഘടനകള്‍, ഏജന്‍സികള്‍ തുടങ്ങിയവ സഹകരണം, പരിശീലനം, ആശയവിനിമയം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അതുകുടാതെ കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊലീസുമായും ഈ രാജ്യങ്ങള്‍ ബന്ധം നിലനിര്‍ത്തുന്നത് നേരത്തേ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം എല്ലാ കാര്യങ്ങളും ആഭ്യന്തര മന്ത്രാലയം വഴി മാത്രമേ സംഘടിപ്പിക്കാവു എന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നത്.