| Wednesday, 21st August 2019, 8:25 am

'കേന്ദ്രം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കഴുത്ത് ഞെരിക്കുന്നു'; അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കണമെന്ന് മുകുള്‍ വാസ്‌നിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി: കേന്ദ്രഭരണപ്രദേശങ്ങളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരുകളെ എന്‍.ഡി.എ സര്‍ക്കാര്‍ അടിച്ചവമര്‍ത്തുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കോണ്‍ഗ്രസ് സര്‍ക്കാരുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും മുകുള്‍വാസ്‌നിക് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികാഘോഷത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും വെല്ലുവിളിയെ അതിജീവിച്ച് വിജയകരമായി മുന്നോട്ട് പോകുകയാണെന്നും വാസ്‌നിക് പറഞ്ഞു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞയെടുക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും മുകുള്‍ വാസ്‌നിക് രൂക്ഷമായി വിമര്‍ശിച്ചു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ (ജമ്മു കശ്മീര്‍) കേന്ദ്രഭരണ പ്രദേശമായി ചുരുക്കുന്നത്. മുന്‍കാലങ്ങളില്‍ ഇത് വിപരീതമായി സംഭവിക്കാറുണ്ടായിരുന്നു. മുമ്പ് നിരവധി കേന്ദ്രഭരണ പ്രദേശങ്ങളെ സംസ്ഥാനങ്ങളാക്കിയിരുന്നു’ എന്ന് മുകുള്‍ വാസ്‌നിക് പറഞ്ഞു.

ജമ്മു കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയും കുറ്റപ്പെടുത്തി. അവിടെ
നാലായിരത്തിലധികം പേരെ കസ്റ്റഡിയിലെടുത്തതായും ആളുകള്‍ക്ക് സഞ്ചാര സ്വതന്ത്രം നിഷേധിക്കുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ അവരെ ഒറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്നതാണ് ബി.ജെ.പിയുടെ ഒരേ ഒരു അജണ്ഡയെന്നും അദ്ദേഹം ആരോപിച്ചു.

We use cookies to give you the best possible experience. Learn more