| Tuesday, 16th July 2024, 11:11 am

ദൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ സംസ്‌ഥാനങ്ങൾക്കുള്ള എസ്.എസ്.എ ഫണ്ട് നിർത്തി വെച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കുള്ള സ്‌കൂൾ വിദ്യാഭ്യാസ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാൻ (എസ്.എസ്.എ) പ്രകാരമുള്ള ഫണ്ട് നിർത്തി വെച്ച് കേന്ദ്രം. പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിങ് ഇന്ത്യ (പിഎം-എസ്.എച്ച്.ആർ.ഐ.എ) പദ്ധതിയിയുടെ ഭാഗമാകാൻ സംസ്ഥാനങ്ങൾ വിമുഖത കാണിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് കേന്ദ്രത്തിന്റെ വാദം.

തമിഴ്‌നാട് , കേരളം, ദൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടില്ല. തമിഴ്‌നാടും കേരളവും സന്നദ്ധത അറിയിച്ചെങ്കിലും ദൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവ വിസമ്മതിച്ചതാണ് എസ്.എസ്.എ ഫണ്ട് നിർത്താൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

അതേസമയം ഈ സംസ്ഥാനങ്ങൾക്ക് എസ്.എസ്.എ പദ്ധതി പ്രകാരം ലഭിക്കാനുള്ള പണത്തിന്റെ ഗഡുക്കൾ ഇതുവരെയും കൃത്യമായി ലഭിച്ചിട്ടില്ല.കഴിഞ്ഞ സാമ്പത്തിക വർഷത്തെ (ഒക്‌ടോബർ-ഡിസംബർ)യും, ജനുവരി-മാർച്ച് മാസങ്ങളിലെ എസ്.എസ്.എ ഫണ്ടിൻ്റെ മൂന്നാമത്തെയും നാലാമത്തെയും ഗഡുവും നടപ്പുസാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ മാസത്തിലെ ആദ്യ ഗഡുവും പഞ്ചാബ്, ദൽഹി, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടില്ല.

Also Read:ചിത്രം എന്ന സിനിമയിൽ ഞാൻ അദ്ദേഹത്തിന്റെ ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്: ജഗദീഷ്

ഫണ്ടുകൾ ലഭിക്കുന്നതിന് വേണ്ടി നിരവധി തവണയാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്തുകളയച്ചത്. ദൽഹിക്ക് 330 കോടി രൂപയും പഞ്ചാബിന് 515 കോടി രൂപയും പശ്ചിമ ബംഗാളിന് 1000 കോടി രൂപയും ലഭിക്കാനുണ്ട്.

എന്നാൽ ഫണ്ട് നിർത്തലാക്കിയതിനെ കുറിച്ചും സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള തുകയെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം മറുപടി നൽകിയില്ല.

സ്‌കൂൾ ഓഫ് എമിനൻസ് എന്ന പേരിൽ മാതൃകാപരമായ സ്‌കൂളുകൾക്കായി സമാനമായ പദ്ധതി നേരത്തെ തന്നെ നടപ്പിലാക്കിയതിനാൽ ദൽഹിയും പഞ്ചാബും പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ചെലവിൻ്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കുന്നതിനാൽ തന്നെ തങ്ങളുടെ സ്‌കൂളുകളുടെ പേരുകൾക്ക് മുന്നിൽ പി.എം ശ്രീ എന്ന് പ്രിഫിക്‌സ് ചെയ്യുന്നതിനെ ബംഗാൾ എതിർത്തു.

‘ഈ പ്രശ്നം രമ്യമായി പരിഹരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. എന്നാൽ കേന്ദ്രം സംസ്ഥാനത്തിൻ്റെ ഫണ്ട് കൈവശം വച്ചിരിക്കുന്നതിനാൽ വരും മാസങ്ങളിൽ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു.

അവർ പുതിയ സ്‌കൂളുകൾ പോലും ഉണ്ടാക്കുന്നില്ല, മറിച്ച് ഇതിനകം ഉണ്ടാക്കി കഴിഞ്ഞവ മാത്രം നവീകരിക്കുന്ന നടപടിയാണ്. ബോർഡുകളിൽ പി.എം ശ്രീ എന്നെഴുതി സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുക എന്നത് മാത്രമാണ് ഉദ്ദേശ്യം,’ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയിൻസ് പറഞ്ഞു,

പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവും വിദ്യാഭ്യാസ സെക്രട്ടറി മനീഷ് ജെയിനും എസ്.എസ്.എ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. ദൽഹി സർക്കാരും കേന്ദ്രത്തിന് കത്തയച്ചതായാണ് സൂചനകൾ. നിരവധി തവണ കത്തുകൾ അയച്ചെങ്കിലും കൃത്യമായ മറുപടി കേന്ദ്രം ഇത് വരെ നൽകിയിട്ടില്ല. ഫണ്ട് മുടങ്ങിയതിനെ തുടർന്ന് വലിയ രീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ സംസ്ഥാനത്തെ സ്കൂളുകൾ അനുഭവിക്കുന്നുണ്ട്.

കുറഞ്ഞത് 14,500 സർക്കാർ സ്‌കൂളുകളെയെങ്കിലും മാതൃക സ്ഥാപനങ്ങളാക്കി ഉയർത്താൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ. അടുത്ത അഞ്ച് വർഷത്തേക്ക് 27,000 കോടി രൂപയിലധികം ബജറ്റ് വകയിരുത്തുന്നതാണ് പദ്ധതി.

പദ്ധതി ചെലവിന്റെ 60% കേന്ദ്രവും 40 % സംസ്ഥാനവും വഹിക്കണം. വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണ പത്രത്തിൽ ഒപ്പുവെച്ച് കൊണ്ടാണ് സംസ്ഥാനങ്ങൾ പങ്കാളിത്തം ഉറപ്പിക്കേണ്ടത്.

Content Highlight: Centre stops school scheme funds

We use cookies to give you the best possible experience. Learn more