ജി20 ഉച്ചകോടി വേദിയിൽ വെള്ളം കയറിയ സംഭവം; നിഷേധിച്ച് കേന്ദ്ര സർക്കാർ
ന്യൂദൽഹി: ജി20 ഉച്ചകോടി നടന്ന വേദിയിൽ മഴ പെയ്തപ്പോൾ വെള്ളം കയറി എന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര സർക്കാർ.
2,700 കോടി രൂപ ചെലവിട്ട വേദി ഒറ്റ മഴയിൽ വെള്ളത്തിലായെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
‘ഒരു ജേണലിസ്റ്റ് പങ്കുവെച്ച വിഡിയോയിൽ ജി20 ഉച്ചകോടിയുടെ വേദി വെള്ളമെടുത്ത കാഴ്ചയാണ് കാണുന്നത്. 4,000 കോടി രൂപ ചെലവഴിച്ച ശേഷം ഇതാണ് അടിസ്ഥാന സൗകര്യങ്ങൾ. ജി20 ഫണ്ടിന്റെ 4000 കോടിയിൽ നിന്ന് എത്ര രൂപയാണ് മോദി സർക്കാർ തട്ടിയെടുത്തത്?’ സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ആരോപിച്ചിരുന്നു.
വേദിക്കായി 2,700 കോടി രൂപയാണ് ചെലവഴിച്ചിരുന്നത് എന്നും പൊള്ളയായ വികസനമാണ് പുറത്ത് വന്നതെന്നും കോൺഗ്രസും ആരോപിച്ചിരുന്നു.
ഈ ആരോപണങ്ങൾ തെറ്റാണെന്ന് കേന്ദ്ര സർക്കാരിന്റെ പ്രസ് ബ്യൂറോ പറഞ്ഞു. രാത്രിയിൽ പെയ്ത മഴയിൽ തുറസ്സായ ഭാഗത്ത് ചെറിയ വെള്ളക്കെട്ടുണ്ടായെന്നും പമ്പുകൾ ഉപയോഗിച്ച് ഉടൻ തന്നെ വെള്ളം നീക്കം ചെയ്‌തെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
‘ജി20 ഉച്ചകോടിയുടെ വേദിയിൽ വെള്ളം കയറിയെന്ന തരത്തിൽ ഒരു വീഡിയോ ഉറങ്ങിയിരുന്നു. ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതും വിഷയത്തെ പെരുപ്പിച്ചുകാണിക്കുന്നതുമാണ്. രാത്രി പെയ്ത മഴയിൽ തുറസ്സായ ഭാഗത്ത് ചെറിയ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഇത് ഉടൻ തന്നെ പമ്പുകൾ ഉപയോഗിച്ച് നീക്കം ചെയ്തതാണ്. നിലവിൽ വേദിയിൽ വെള്ളമൊന്നുമില്ല,’ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറഞ്ഞു.
Content Highlight: Centre snubs claims that G20 venue was flooded after rain in Delhi