ഹൈദരാബാദ്: പ്രളയദുരന്തത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍. 20,000 കോടിയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ച കേരളത്തിന് 500 കോടി മാത്രം നല്‍കിയത് കേന്ദ്രത്തിന്റെ “ചിറ്റമ്മ നയ”ത്തിന്റെ ഭാഗമാണെന്നായിരുന്നു അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ പ്രസ്താവന.
“പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 20,000 കോടിയുടെ നഷ്ടങ്ങളാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. 400 ജീവന്‍ നഷ്ടപ്പെട്ടു, എട്ടു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു, ഒരു ലക്ഷത്തോളം വീടുകള്‍ നശിച്ചു, പതിനായിരക്കണക്കിന് കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നു.
നേതാക്കന്മാരുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ 3000 കോടി നീക്കിവയ്ക്കുന്ന നമ്മുടെ രാജ്യത്തെ മനുഷ്യരുടെ കാര്യം മാത്രം ആരും പരിഗണിക്കാത്തതെന്താണ്? കേന്ദ്രത്തിന്റ ഈ “ചിറ്റമ്മ നയം” പിന്‍വലിച്ച് ഉടന്‍ തന്നെ അടിയന്തിരാശ്വാസമായി 2000 കോടി അനുവദിക്കണം.” ഒവൈസി മാധ്യമങ്ങളോടു പറഞ്ഞു.
Also Read:പ്രളയം; കേരളത്തിന് 2600 കോടിയുടെ പാക്കേജ് വേണം
കേരളത്തിനു സഹായവുമായി മുന്നോട്ടുവന്ന യു.എ.ഇയുടെ നീക്കം പ്രശംസനീയമാണെന്നും ഒവൈസി പറയുന്നു. 700 കോടിയുടെ സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ച യു.എ.ഇയുടെ ഭരണാധികാരികള്‍ക്കും പ്രത്യേകിച്ച് വൈസ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറയുന്നു.
കേരളത്തിലെ ജനങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും തിരിച്ചറിഞ്ഞുകൊണ്ടാണ് യു.എ.ഇ. സര്‍ക്കാര്‍ സഹായവുമായി എത്തിയിരിക്കുന്നത്. 2000 കോടി എന്ന മുഖ്യമന്ത്രിയുടെ ആവശ്യം തീര്‍ത്തും ന്യായമാണ്. ഇതൊരു ദേശീയ ദുരന്തം തന്നെയാണെന്നും ഒവൈസി കൂട്ടിച്ചേര്‍ക്കുന്നു.
Also Read: യു.എ.ഇയുടെ 700 കോടി സഹായം വേണ്ടെന്ന നിലപാടുമായി കേന്ദ്രം
രാജ്യത്തേക്കെത്തുന്ന വിദേശനാണ്യത്തില്‍ കേരളത്തിനുള്ള പങ്ക് എടുത്തു പറഞ്ഞ ഒവൈസി, സംസ്ഥാനത്തിന്റെ സംഭാവനകള്‍ കേന്ദ്രം മറക്കരുതെന്നും ആവശ്യപ്പെട്ടു. 2017ല്‍ ഇന്ത്യയുടെ ജി.ഡി.പിയുടെ 2.8 ശതമാനമായിരുന്നു വിദേശത്തുനിന്നുമെത്തിയ ധനവിഹിതം. 60 ബില്യണ്‍ ഡോളറാണ് കണക്കുകള്‍ പ്രകാരം പോയവര്‍ഷം ആ ഇനത്തില്‍ ഇന്ത്യയിലെത്തിയത്.
ഈ തുകയുടെ 40 ശതമാനത്തോളം കൊണ്ടുവന്നത് കേരളത്തില്‍ നിന്നുള്ളവരാണ്. ഒരു ലക്ഷം കോടി രൂപയുടെ വിദേശനാണ്യമാണ് 2015ല്‍ കേരളത്തിലെത്തിയിട്ടുള്ളത്. ഇക്കാരണത്താലെല്ലാമാണ് കേന്ദ്ര സര്‍ക്കാരിന്റെ 500 കോടി അപഹാസ്യമാകുന്നതെന്നും ഒവൈസി ചൂണ്ടിക്കാട്ടി.