| Saturday, 24th February 2018, 5:55 pm

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ചോദിച്ചതായി കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഓറം പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

“പാലക്കാട്ട് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തുക എത്രയും പെട്ടെന്ന് കൈമാറാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്” – മുഖ്യമന്ത്രി പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി തല്ലിച്ചതച്ചത്. കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ചെയ്തു.ഏറെ നേരത്തെ മര്‍ദ്ദനത്തിന് ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പോലീസ് കസ്റ്റഡിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നു.

ആന്തരിക രക്തസ്രാവം മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്കേറ്റ ഗുതുതരമായ പരിക്ക് ഏറ്റിരുന്നെന്നും നെഞ്ചിലും മര്‍ദ്ദനമേറ്റിരുന്നെന്നും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട 11 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more