റഫാല്‍ കേസുകളിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം; വാദംകേള്‍ക്കല്‍ നീട്ടണമെന്നും കേന്ദ്ര ആവശ്യം
ന്യൂദല്‍ഹി: റഫാല്‍ കേസുകളിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം തേടി. നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന വാദംകേള്‍ക്കല്‍ നീട്ടണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
നേരത്തേ റഫാല്‍ ഇടപാടില്‍ സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതു പുനഃപരിശോധിക്കുമെന്നു കോടതി വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു ചോര്‍ന്ന രഹസ്യരേഖകള്‍ തെളിവായി സ്വീകരിക്കരുതെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടായിരുന്നു രണ്ടാഴ്ച മുന്‍പ് കോടതി ഇക്കാര്യം പറഞ്ഞത്.
സമയം നീട്ടിച്ചോദിച്ചത് തെരഞ്ഞെടുപ്പുകാലത്ത് സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നുവെന്നതിന്റെ സൂചനയാണ്.
പ്രതിപക്ഷത്തിന്റെ അഴിമതിയാരോപണം മറികടന്ന് റഫാല്‍ വിവാദത്തില്‍ കഴിഞ്ഞ ഡിസംബറിലാണു സര്‍ക്കാരിന് സുപ്രീംകോടതിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചത്. ഇതിനു പിന്നാലെയായിരുന്നു ‘ദ ഹിന്ദു’ ദിനപത്രം ഇടപാടിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന രഹസ്യരേഖകളുടെ പകര്‍പ്പ് പുറത്തുവിട്ടത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു മോഷ്ടിച്ചതാണ് ഈ രേഖകളെന്നും അതു തെളിവായി സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ അന്നു സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.