| Tuesday, 10th July 2018, 9:23 am

സ്ത്രീ ശരീരത്തിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല; ചേലാകര്‍മം നിരോധിക്കേണ്ടതു തന്നെ: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചേലാകര്‍മം നിരോധിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണയേകി സുപ്രീം കോടതി. മതപരമായ ചടങ്ങുകളുടെ പേരിലായാലും സ്ത്രീശരീരത്തിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് വിഷയം പഠിക്കുന്ന മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ബോഹ്‌റ മുസ്‌ലിം സമുദായത്തിനിടയില്‍ പ്രചാരത്തിലുള്ള ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങുന്ന ബെഞ്ച് പ്രസ്താവിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിത ചേലാകര്‍മത്തിന് വിധേയരാക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്നും കോടതി നിരീക്ഷിച്ചു.


Also Read: “മെയ്” ഗവണ്‍മെന്റില്‍ നിന്നും 24 മണിക്കൂറില്‍ രാജി വെച്ചത് മൂന്ന് മന്ത്രിമാര്‍


ചേലാകര്‍മം നിയമവിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ സുനിത തിഹാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പ്രതികരണം. പെണ്‍കുട്ടികളെ ഇത്തരം ക്രൂരതകള്‍ക്ക് വിധേയരാക്കുന്ന മതാചാരങ്ങള്‍ നിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ സമ്മതമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു.

സ്ത്രീകളെ ലിംഗഛേദത്തിന് വിധേയരാക്കുന്നത് (എഫ്.എം.ജി) നിലവില്‍ ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും, വിഷയത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ടെന്നും എ.ജി. കോടതിയില്‍ പറഞ്ഞു.

എന്നാല്‍, ചേലാകര്‍മം മതപരമായ ആചാരമാണെന്നും നീതിന്യായ വകുപ്പ് അതില്‍ ഇടപെടരുതെന്നും ബോഹ്‌റ സമുദായാംഗങ്ങള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്‌വി വാദിച്ചു. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു വരുന്ന ആചാരങ്ങളെ സാധൂകരിക്കുന്ന ഇസ്‌ലാമിക രേഖകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.


Also Read: മുജാഹിദ് ബാലുശ്ശേരി ഈ ഗാനം നിങ്ങള്‍ക്കിരിക്കട്ടെ; സംഗീതം മനുഷ്യനെ നശിപ്പിക്കുന്നതാണെന്ന മതപ്രഭാഷകന്റെ ഉപദേശത്തിന് പാട്ടുപാടി മറുപടിയുമായി സൈറ സലിം


ഭരണഘടനയുടെ 14, 21 അനുഛേദങ്ങളനുസരിച്ച് ചേലാകര്‍മത്തെ മനുഷ്യത്വരഹിതവും സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതുമായ പ്രവര്‍ത്തിയായി പരിഗണിച്ച് ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്നതാണ് പുതിയ ഹരജി. ചടങ്ങിനെ ഭരണഘടനാ വിരുദ്ധമായിക്കണ്ട് വേണ്ട നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.

ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി ജൂലായ് 16ലേക്ക് മാറ്റിവച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more