താണ്ഡവിനെതിരെ ബി.ജെ.പി നടത്തുന്ന നീക്കത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; പരാതിക്ക് തൊട്ടുപിന്നാലെ ആമസോണിനെ വിളിച്ചുവരുത്തി സര്‍ക്കാർ
national news
താണ്ഡവിനെതിരെ ബി.ജെ.പി നടത്തുന്ന നീക്കത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; പരാതിക്ക് തൊട്ടുപിന്നാലെ ആമസോണിനെ വിളിച്ചുവരുത്തി സര്‍ക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th January 2021, 8:12 am

ന്യൂദല്‍ഹി: ആമസോണ്‍ പ്രൈം വെബ്‌സീരിസ് താണ്ഡവിനെതിരെ ബി.ജെ.പി നടത്തുന്ന നീക്കത്തിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സിരീസിനെതിരെ ബി.ജെ.പിയുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ നിന്ന് വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് വാര്‍ത്താ പ്രക്ഷേപണമന്ത്രിക്ക് ബി.ജെ.പി പരാതി നല്‍കിയിരുന്നത്. താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

അവി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താണ്ഡവിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്.

ദല്‍ഹിയിലെ വമ്പന്‍ നേതാക്കള്‍ മുതല്‍ വിദ്യാര്‍ത്ഥി നേതാക്കളെക്കുറിച്ച് വരെയുള്ള വിഷയങ്ങള്‍ താണ്ഡവ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളുമെല്ലമാണ് കഥാപരിസരം. സീരിസ് റിലിസ് ആയാല്‍ വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനവും വരാന്‍ സാധ്യതയുണ്ടെന്ന നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നതുമാണ്.

അതേസമയം, താണ്ഡവ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്ര രംഗത്തുവന്നിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ഇവരുടെ വാദം. താണ്ഡവ് ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും നിരോധിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Centre Seeks Amazon Prime’s Reply On Complaint Against ‘Tandav’: Sources