| Tuesday, 24th December 2024, 7:53 am

ഇനി അഞ്ച്, എട്ട് ക്ലാസുകളില്‍ ഓള്‍ പാസില്ല; വിജ്ഞാപനമിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച്, എട്ട് ക്ലാസുകളില്‍ ഇനി മുതല്‍ ഓള്‍ പാസില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനമിറക്കി. ഓള്‍ പാസ് നയം ഈ ക്ലാസുകളില്‍ നടപ്പാക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാപനം. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവിടങ്ങളിലാവും പുതിയ നയം നടപ്പിലാക്കുക. ഏകദേശം 3000ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറ്റത്തിന്റെ ഭാഗമാകും.

വാര്‍ഷിക പരീക്ഷങ്ങള്‍ക്ക് ശേഷം ആവശ്യമായ ഏറ്റവും കുറവ് മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഫലം പ്രഖ്യാപിച്ച് രണ്ട് മാസത്തിനകം വീണ്ടും പരീക്ഷ നടത്തണമെന്നാണ് നിര്‍ദേശം. ഈ പരീക്ഷയിലും നിശ്ചിത മാര്‍ക്ക് നേടാന്‍ കഴിയാത്തവരെ ഒരു വര്‍ഷം കൂടി അതത് ക്ലാസുകളില്‍ പഠിപ്പിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി ഒരു വിദ്യാര്‍ത്ഥിയെയും സ്‌കൂളില്‍ നിന്ന് പുറത്താക്കരുതെന്നും നിര്‍ദേശമുണ്ട്.

വിജ്ഞാപനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നയം നടപ്പിലാക്കുന്നത് കര്‍ശനമാക്കുമെന്നാണ് സൂചന. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം കേരളം നടപ്പിലാക്കില്ല.

2019ല്‍ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശനിയമത്തിലെ ഭേദഗതി രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും 16 സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ കേരളം ഇതില്‍ ഉള്‍പ്പെടുന്നില്ല. അഞ്ച്, എട്ട് ക്ലാസുകളില്‍ നിശ്ചിത മാര്‍ക്ക് നേടാതെ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്.

നിലവിലെ തീരുമാനമനുസരിച്ച് കുട്ടികളെ തോല്‍പ്പിക്കുന്നത് ശരിയായ നീക്കമായി സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നില്ല. തീരുമാനം കുട്ടികളില്‍ സമ്മര്‍ദം ഉയര്‍ത്തുമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം വര്‍ധിപ്പിക്കുന്നതിനായി പിന്തുണ പരിപാടികള്‍ ഉള്‍പ്പെടെ അവലംഭിക്കാനാണ് കേരളത്തിന്റെ തീരുമാനം. വാര്‍ഷിക പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രത്യേകം തയാറാക്കും. തുടര്‍ന്ന് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക.

2024 മാര്‍ച്ചില്‍ 5, 8, 9, 11 ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

Content Highlight: Centre scraps ‘no-detention policy’ for classes 5 and 8 students in schools governed by it

We use cookies to give you the best possible experience. Learn more