| Wednesday, 22nd February 2023, 3:58 pm

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ആറ് വയസ് പ്രായമുള്ള കുട്ടികള്‍ക്ക് മതി; സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് കുറഞ്ഞത് ആറു വയസ് പ്രായം നിര്‍ബന്ധമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് വര്‍ഷം നീളുന്ന പ്രീസ്‌കൂള്‍ ഡിപ്ലോമ കോഴ്‌സുകള്‍ (ഡി.പി.എസ്.ഇ) രൂപകല്‍പന ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലും സി.ബി.എസ്.ഇ സ്‌കൂളുകളിലും അഞ്ച് വയസില്‍ തന്നെ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്നുണ്ട്. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പല സ്‌കൂളുകളിലും ആരംഭിച്ചിരിക്കെയാണ് ആറ് വയസ് മാനദണ്ഡം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ അടിത്തറ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ കേന്ദ്ര വിദ്യാഭ്യാസ നയം (National Education Policy 2020) കൊണ്ടുവന്നത്. മൂന്ന് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ചുവര്‍ഷം നീളുന്ന പദ്ധതികളാണ് ഫൗണ്ടേഷന്‍ സ്റ്റേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Comntent Highlight: Centre says states to provide class 1 admission for those who are six years+

We use cookies to give you the best possible experience. Learn more