ന്യൂദല്‍ഹി: സ്ത്രീകളെ പട്ടാളത്തില്‍ കമാന്‍ഡര്‍മാരായി നിയമിക്കണമെന്ന ഹരജിയെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. പുരുഷ പട്ടാളം വനിതാ കമാന്‍ഡര്‍മാരെ അംഗീകരിക്കാന്‍ സജ്ജമായിട്ടില്ലെന്നും ഇതിനാല്‍ സ്ത്രീകളെ പട്ടാളത്തില്‍ കമാന്‍ഡര്‍ പോസ്റ്റുകളിലേക്ക് നിയമിക്കുന്നതില്‍ തടസ്സമുണ്ടെന്നും കേന്ദ്രം കോടതിയിലറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്ത്രീകള്‍ കമാന്‍ഡര്‍ പോസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നും ഇവരെ യുദ്ധ തടവുകാരായി തട്ടികൊണ്ടു പോയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാകുമെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്ത്രീകളുടെ ശാരീരിക മാനസിക പരിമിതികളാണ് സര്‍ക്കാര്‍ കോടതിയിലുന്നയിച്ച മറ്റൊരു വാദം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം യാഥാസ്ഥിതിക നിലപാടില്‍ തുടരാതെ കാലത്തിനൊത്ത് സഞ്ചരിക്കണമെന്ന് സുപ്രീം കോടതി സോളിസിറ്റര്‍ ജനറലിനോട് പറഞ്ഞു. എന്നാല്‍ ഹരജിക്കാര്‍ സര്‍ക്കാര്‍ വാദങ്ങളെ തള്ളി. കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ നടന്ന അക്രമത്തെ പ്രതിരോധിച്ച സൈനിക മിത്താലി മധുമിത ഉള്‍പ്പെടെയുള്ളവരുടെ ഉദാഹരണങ്ങള്‍ നിരത്തിയാണ് ഹരജികാര്‍ സര്‍ക്കാര്‍ വാദത്തെ എതിര്‍ത്തത്. കേസില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ച് ഫ്രെബ്രുവരി രണ്ടാം വാരം വിധി പറയുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.