ന്യൂദല്‍ഹി: കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനില്‍ വെച്ച് സെപ്തംബര്‍ ഒന്‍പത് വരെ 97 പേര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രം.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഓബ്രിയോണ്‍ ആണ് സര്‍ക്കാരിനോട് കണക്ക് ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതുമുതല്‍ എത്രപേര്‍ മരിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നായിരുന്നു തൃണമൂല്‍ എം.പി ചോദിച്ചത്.
മരിച്ച 97 പേരില്‍ 87 പേരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് കേന്ദ്ര റെയില്‍ വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഹൃദയാഘാതം, ഹൃദ്രോഗം, ബ്രെയിന്‍ ഹാമറേജ് തുടങ്ങിയ അസുഖങ്ങള്‍ കാരണമാണ് മരണങ്ങള്‍ സംഭവിച്ചതെന്നും ഗോയല്‍ മറുപടി പറഞ്ഞു.
കൊവിഡിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച ഒരു വിവരവും തങ്ങളുടെ കയ്യിലില്ലെന്ന് ലോക്‌സഭയില്‍ മണ്‍സൂണ്‍ സെഷന്‍ ആരംഭത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
മെയ് 1നാണ് ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോയ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ശ്രമിക് ട്രെയിനുകളുടെ സേവനം ആരംഭിച്ചത്.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്കെത്തിക്കാനായി ആകെ 4621 പ്രത്യേക ശ്രമിക് ട്രെയിനുകളാണ് പോയത്. മെയ് 1 മുതല്‍ ഓഗസ്റ്റ് 31 വരെ 6,319,000 യാത്രക്കാരെയാണ് അവരുടെ നാടുകളിലേക്കെത്തിച്ചതെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.
കൊവിഡിനിടെ ജീവന്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്ക് സര്‍ക്കാരിന്റെ കയ്യിലില്ലെന്ന വാദത്തില്‍ പ്രതിഷേധിച്ചു കൊണ്ട് പ്രതപക്ഷം രംഗത്തെത്തിയിരുന്നു.
കുടിയേറ്റ തൊഴിലാളികളുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ കയ്യിലില്ലെന്നതിന്റെ അര്‍ത്ഥം ആരും മരിക്കുന്നില്ലാ എന്നാണോ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക