ലോക് ഡൗണിന് മറവിലെ അന്യായ അറസ്റ്റുകൾ, കേസ്സുകൾ, മുസ്ലിം വേട്ട, പകപോക്കലുമായി കേന്ദ്രം
national lock down
ലോക് ഡൗണിന് മറവിലെ അന്യായ അറസ്റ്റുകൾ, കേസ്സുകൾ, മുസ്ലിം വേട്ട, പകപോക്കലുമായി കേന്ദ്രം
ഷഫീഖ് താമരശ്ശേരി
Thursday, 16th April 2020, 8:34 pm

ആഗോളമാസകലമുള്ള കൊവിഡ് വ്യാപനത്തിന്റെ പര്യവസാനം എങ്ങിനെയായിരിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. ചരിത്രത്തില്‍ മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു മഹാപ്രതിസന്ധിക്ക് മുന്നില്‍ ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും വലിയ പോരാട്ടത്തില്‍ തന്നെയാണ്. ഭീകരമായ സാമ്പത്തിക നഷ്ടമാണ് വരുംദിവസങ്ങളില്‍ രാജ്യത്തിന് നേരിടേണ്ടി വരിക. തൊഴിലാളികളും കര്‍ഷകരുമടങ്ങുന്ന ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വലിയൊരു വിഭാഗം ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിമരണത്തെ ഭയന്നുകൊണ്ടാണ് ഇന്ത്യയില്‍ ഇന്ന് ജീവിക്കുന്നത്. എല്ലാ തരം വിയോജിപ്പിക്കുള്‍ക്കുമപ്പുറം രാജ്യത്തെ ജനങ്ങളും വിവിധ സര്‍ക്കാറുകളുമെല്ലാം ഒന്നിച്ച് നില്‍ക്കേണ്ട ഈ ഘട്ടത്തിലും ഇന്ത്യയിലെ സംഘപരിവാര്‍ ഭരണകൂടം അവരുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ഖേദകരമായ ഒരു വസ്തുതയാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നമ്മുടെ രാജ്യം നിശ്ചലാവസ്ഥയിലാണ്. എന്നാല്‍ അതിനിടയിലും തങ്ങളുടെ രാഷട്രീയ പകപോക്കലുകള്‍ നടത്തുകയാണ് കേന്ദ്രമെന്ന് വ്യക്തമാകുന്ന തരത്തിലാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ ലോക്ഡൗണ്‍ കാലത്തെ നീക്കങ്ങള്‍. അതിനേറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയിലെ പ്രമുഖ അക്കാദമിസ്റ്റും ദളിത് മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ ആനന്ദ് തെല്‍തുംദെയും പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖും കഴിഞ്ഞ ദിവസം പൊലീസിന് കീഴടങ്ങേണ്ടി വന്ന സംഭവം.

കൊവിഡ് വ്യാപനത്തിന്റെ സാധ്യത കുറയ്ക്കുന്നതിനായി രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരില്‍ 7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളവരെയെല്ലാം ജാമ്യവ്യവസ്ഥയില്‍ വിട്ടയയ്ക്കണമെന്ന കോടതി നിര്‍ദേശം വന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. എന്നിട്ടും ഭീമ കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട കേസ്സില്‍ സംശയത്തിന്റെ പേരില്‍ മാത്രം പ്രതിചേര്‍ക്കപ്പെട്ട ആനന്ദ് തെല്‍തുംദെയെയും ഗൗതം നവലാഖിനെയും ജയിലടക്കാന്‍ ധൃതി കാണിക്കുകയായിരുന്നു കേന്ദ്രഭരണകൂടം.

സമാനമായ രീതി തന്നെയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദ വയറിന്റെ എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍, ഷഹീന്‍ബാഗിലെയും പരിസരങ്ങളിലെയും എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭക്കാര്‍, ഡല്‍ഹി കലാപത്തിന്റെ ഇരകളായ ചാന്ദ് ബാഗിലെയും മുസ്തഫബാദിലെയും മുസ്ലിങ്ങള്‍ എന്നിവരോടെല്ലാം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ മുന്‍കൈയില്‍ നടന്ന രാമനവമി ആഘോഷത്തെക്കുറിച്ച് ദ വയര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അയോധ്യ പൊലീസ് സിദ്ധാര്‍ത്ഥ് വരദരാജനെതിരെ വ്യാജവാര്‍ത്ത നല്‍കി എന്ന പേരില്‍ കേസ്സെടുത്തിരിക്കുന്നത്. അയോധ്യയില്‍ നിന്നും ഡല്‍ഹിയിലെത്തിയ എട്ടംഗ പൊലീസ സംഘം സിദ്ധാര്‍ത്ഥ് വരദരാജന്റെ വീട്ടിലെത്തി ഉടന്‍ അയോധ്യ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന നോട്ടീസ് നല്‍കുകയായിരുന്നു.

അതേ സമയം കണ്ണന്‍ ഗോപിനാഥിന് നേരെയും പ്രശാന്ത് ഭൂഷണ് നേരെയും കേസ്സെടുത്തിരിക്കുന്നത് ഗുജറാത്ത് പൊലീസാണ്. രാമായണത്തെയും മഹാഭാരതത്തെയും അപമാനിച്ചുകൊണ്ട് മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്തു എന്നതാണ് പ്രശാന്ത് ഭൂഷണ് നേരെയുള്ള ആരോപണം. സര്‍ക്കാര്‍ ഉത്തരവുകള്‍ ഉപയോഗിച്ച് സോഷ്യല്‍മീഡിയ വഴി ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് കണ്ണന്‍ഗോപിനാഥന് നേരെയുള്ള കുറ്റം. തങ്ങള്‍ക്ക് നേരെയുള്ള ഈ നടപടി തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്ന തരത്തിലാണ് ഇരുവരും പ്രതികരിച്ചിരിക്കുന്നത്.

ഇവിടെയൊന്നും തീരുന്നില്ല കേന്ദ്രത്തിലെ രാഷ്ട്രീയ പകപോക്കലുകള്‍. രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടാം സ്ഥാനത്തുള്ള സ്ഥലമാണ് ഡല്‍ഹി. എന്നാല്‍ ഈ ലോക്ഡൗണ്‍ ദിവസങ്ങളില്‍ ഡല്‍ഹി പൊലീസ് ധൃതി കാണിക്കുന്നത് എന്‍.എര്‍.സി വിരുദ്ധ പ്രക്ഷോഭവുമായും ഡല്‍ഹി കലാപവുമായും ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ്സുകളിലെ പ്രതിപ്പട്ടികയിലുള്ള മുസ്ലിങ്ങളെ കസ്റ്റഡിയിലെടുക്കാനാണ്.

എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭത്തില്‍ വളരെ സജീവമായി ഉണ്ടായിരുന്ന ജാമിയയിലെ വിദ്യാര്‍ത്ഥികളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ എന്നിവരെ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റനേകം വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ പൊലീസില്‍ ഹാജരാകണമെന്ന തരത്തില്‍ നോട്ടീസും ലഭിച്ചിട്ടുണ്ട്. ഷഹീന്‍ബാഗ് മാതൃകയില്‍ സമരം നടന്ന സീലാംപൂരില്‍ നിന്നും നിരവധി പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനേക്കാളൊക്കെ വിരോധാഭാസകരമാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ പൊലീസ് ഇപ്പോള്‍ നടത്തിവരുന്ന നീക്കങ്ങള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്നിട്ടുള്ള നിരവധി അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അനേകം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ മുസ്ലിങ്ങള്‍ പ്രതികളാക്കപ്പെട്ട കേസ്സുകളില്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചാന്ദ്ബാഗില്‍ നിന്നും മുസ്തഫബാദില്‍ നിന്നും നിരവധി മുസ്ലിങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യമിപ്പോള്‍ ഒരു വലിയ ആരോഗ്യ അടിയന്തിരാവസ്ഥയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടയിലൂടെ ഒരു രാഷ്ട്രീയ അടിയന്തിരാവസ്ഥയുടെ സാഹചര്യങ്ങളെ രൂപപ്പെടുത്തി തങ്ങളുടെ അജണ്ഡകള്‍ നടപ്പിലാക്കാനാണ് ഈ പ്രതിസന്ധിക്കാലത്തും നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നത് ഇക്കാര്യങ്ങളില്‍ നിന്നെല്ലാം വ്യക്തമാണ്. സര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാനോ തെരുവിലിറങ്ങാനോ സമരം ചെയ്യാനോ ജനങ്ങള്‍ക്ക് സാധ്യമല്ലാത്ത ഒരു സാഹചര്യത്തെ മുതലെടുത്തുകൊണ്ട് രാഷ്ട്രീയപകപോക്കലുകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഇത്തരമൊരു നീക്കത്തിനെതിരെ ജനാധിപത്യപരവും രാഷ്ട്രീയപരവുമായ പ്രതിരോധങ്ങള്‍ ഉയരേണ്ടതായുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍