ന്യൂദൽഹി: ആഭ്യന്തര വിമാന സർവ്വീസ് പുനരാരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വ്യക്തത വരാതെ സംസ്ഥാനങ്ങൾ. കൊവിഡ് കടുത്ത പ്രതിസന്ധി തീർത്ത മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ ഘട്ടത്തിൽ ആഭ്യന്തര വിമാന സർവ്വീസ് വീണ്ടും ആരംഭിക്കുന്ന തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉംപൂൺ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിമാന സർവ്വീസ് പുനരാംരംഭിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
മെയ് പത്തൊൻപതിന് പുറത്തിറക്കിയ ലോക്ക് ഡൗൺ ഓർഡർ മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ഇതുവരെ ഭേദഗതി ചെയ്തിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. നിലവിൽ സ്പെഷ്യൽ വിമാന യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളെ അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് മഹാരാഷ്ട്ര സ്വീകരിച്ചിരിക്കുന്നത്.
റെഡ് സോണിലുള്ള എയർപോർട്ടും ഇപ്പോൾ തുറക്കാമെന്നത് തികച്ചും തെറ്റായ ഉപദേശമാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
തമിഴ്നാടും ആഭ്യന്തര വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സമാനമായ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. മെയ് 31വരെയെങ്കിലും വ്യോമയാന മന്ത്രാലയം ആഭ്യന്തര വിമാന സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനം നീട്ടണമെന്നാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്.
ഉംപൂൺ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം സൃഷ്ടിച്ച ബംഗാളിലും ഇപ്പോൾ വിമാന സർവ്വീസ് ആരംഭിക്കാൻ കഴിയുന്ന സാഹചര്യമില്ലെന്ന് മമത ബാനർജി വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക