ലോകത്ത് എവിടെയിരുന്നും അമേരിക്കന്‍ പൗരന്മാര്‍ക്ക് അവരുടെ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാം. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കക്കാരായ എന്റെ സഹപ്രവര്‍ത്തകരെല്ലാം പോസ്റ്റല്‍ വോട്ട് ചെയ്തിരുന്നു. ബൈഡന്റെ വിജയത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ നിര്‍ണായകമായിരുന്നു.
പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ വോട്ട് ചെയ്യണമെങ്കില്‍ നാട്ടില്‍ വന്നേ മതിയാകൂ. ഇതിനൊരു മാറ്റം കൊണ്ടുവരാനുള്ള ഉദ്യമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാനാണ് ആലോചന. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉടന്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് നടപ്പാക്കും എന്ന് ഇംഗ്ലീഷ് പത്രങ്ങള്‍(ഇന്ത്യന്‍ എക്‌സ്പ്രസ്, ദി വയര്‍, ടൈംസ് ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇനിയാണ് ട്വിസ്റ്റ്. ട്വിസ്റ്റ് ഇല്ലാത്ത പരിപാടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാറില്ലല്ലോ. അമേരിക്ക, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ഓസ്ട്രേലിയ, ജര്‍മനി, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് മാത്രമാണ് വോട്ടവകാശം! മറ്റ് രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫില്‍, ഉള്ളവര്‍ക്ക് ഈ രീതിയില്‍ വോട്ട് ചെയ്യാനാകില്ല.
ഇതിന് ന്യായീകരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളില്‍ വോട്ടെടുപ്പ് അവിടുത്തെ സര്‍ക്കാരുകള്‍ അനുവദിക്കില്ല എന്നാണ്. അത് വെറും മുടന്തന്‍ ന്യായമാണ്. ഇന്ത്യക്കാര്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ എംബസിയില്‍ പോയി വോട്ട് ചെയ്യുന്നതിന് മറ്റൊരു രാജ്യത്തിന്റെ അനുവാദം ആവശ്യമില്ല.
ഈ രാജ്യങ്ങളിലൊക്കെയുള്ള അമേരിക്കന്‍ പൗരന്മാര്‍ യാതൊരു തടസവുമില്ലാതെ വോട്ട് ചെയ്യുന്നുണ്ട്. ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നും ആരെയൊക്കെ ഒഴിവാക്കണം എന്നും വ്യക്തമായി തീരുമാനിച്ചുള്ള ഒരു നീക്കമാണ് നടക്കുന്നത്. വോട്ടവകാശത്തിന്റെ കാര്യത്തില്‍ തുല്യത എടുത്തുകളയുന്ന ഈ പരിപാടി ഭരണഘടനാ വിരുദ്ധവുമാണ്. വലിയ പ്രതിഷേധം ഉണ്ടാകേണ്ടതുണ്ട്. മലയാള മാധ്യമങ്ങള്‍ ഇത് ചര്‍ച്ച ചെയ്തിരുന്നോ?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക