യഥാർത്ഥ ഇന്ത്യയെ കുറിച്ചുള്ള നിർഭയ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം; പ്രസ്താവനയുമായി ന്യൂസ്ക്ലിക്ക്
national news
യഥാർത്ഥ ഇന്ത്യയെ കുറിച്ചുള്ള നിർഭയ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം; പ്രസ്താവനയുമായി ന്യൂസ്ക്ലിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th October 2023, 4:56 pm

ന്യൂദൽഹി: ഇ.ഡിക്കോ ദൽഹി പൊലീസിനോ ആദായ നികുതി വകുപ്പിനോ തങ്ങൾക്കെതിരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ന്യൂയോർക്ക് ടൈംസിന്റെ വ്യാജ വാർത്തയുടെ പേരിലാണ് തങ്ങൾക്കെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നതെന്നും ന്യൂസ്ക്ലിക്ക്.

കഴിഞ്ഞ ദിവസം ദൽഹി പൊലീസ് ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകളിൽ റെയ്ഡ് നടത്തുകയും ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബിർ പുർകയസ്തയേയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രബർത്തിയേയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

തങ്ങൾക്ക് എഫ്.ഐ.ആറിന്റെ കോപ്പി നൽകുകയോ സ്ഥാപനത്തിനെതിരെ ചുമത്തിയ കുറ്റമെന്താണെന്ന് പറയുകയോ ചെയ്തിട്ടില്ലെന്ന് ന്യൂസ്ക്ലിക്ക് തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.
നിരവധി ആളുകളെ ചോദ്യം ചെയ്‌തെന്നും പലരെയും ഇപ്പോഴും ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

നടപടി ക്രമങ്ങൾ പാലിക്കാതെ ഒരു മെമ്മോ പോലും നൽകാതെയാണ് ജീവനക്കാരുടെ ഇലക്ട്രോണിക് ഉപകരണങ്ങളും ഡാറ്റകളും പിടിച്ചെടുത്തത് എന്നും ന്യൂസ്ക്ലിക്ക് ആരോപിച്ചു. റിപ്പോർട്ടിങ് തടയുന്നതിനായി പൊലീസ് ഓഫീസ് സീൽ ചെയ്‌തെന്നും പ്രസ്താവനയിൽ അവർ അറിയിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്ത, വിമർശനങ്ങളെ ‘ദേശവിരുദ്ധ’മായി കാണുന്ന സർക്കാർ നടപടികളെ ശക്തമായി അപലപിക്കുന്നതായും ന്യൂസ്ക്ലിക്ക് അറിയിച്ചു.

2021 മുതൽ കേന്ദ്ര സർക്കാർ ഏജൻസികൾ തങ്ങളെ ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തുന്നതായും ഇ.ഡിയും ദൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റങ്ങളുടെ വിങ്ങും ആദായ നികുതി വകുപ്പും ജീവനക്കാരുടെ വീടുകളും ഓഫീസും മുമ്പും റെയ്ഡ് നടത്തിയിരുന്നതായും അവർ പറഞ്ഞു.

‘ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളുമെല്ലാം മുമ്പും കണ്ടുകെട്ടിയിരുന്നു. എല്ലാ ഇമെയിലുകളും ഇഴകീറി പരിശോധിച്ചു. കഴിഞ്ഞ ഏഴ് വർഷത്തെ ന്യൂസ്ക്ലിക്കിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും പ്രസ്താവനകളും ചെലവുകളും ഫണ്ടുകളുടെ ഉറവിടങ്ങളും സർക്കാർ ഏജൻസികൾ മാറി മാറി പരിശോധിച്ചു. ഡയറക്ടർമാരും മറ്റ് ബന്ധപ്പെട്ട വ്യക്തികളും മണിക്കൂറുകളോളം ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയരായി.

എന്നിട്ടും, കഴിഞ്ഞ രണ്ട് വർഷമായിട്ടും കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല. ഐ.പി.സിക്ക് കീഴിലുള്ള കുറ്റങ്ങളിൽ ചാർജ് ഷീറ്റെഴുതാൻ ദൽഹി പൊലീസിനും കഴിഞ്ഞില്ല. ആദായ നികുതി വകുപ്പിന് കോടതിക്ക് മുമ്പാകെ അവരുടെ നടപടികളെ പ്രതിരോധിക്കാൻ സാധിച്ചിട്ടില്ല.

ഈ ഏജൻസികളൊന്നും പ്രബിർ പുർകയസ്തയെ ചോദ്യം ചെയ്യാൻ പോലും ഈ കാലയളവിൽ വിളിപ്പിച്ചിട്ടില്ല.

ഞങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും രേഖകളും കൈയിലുണ്ടായിട്ടും ഞങ്ങൾക്കെതിരെ ഒരു കേസ് പോലും എടുക്കാൻ സാധിക്കാത്ത ഈ സർക്കാറിന് ഞങ്ങൾക്കെതിരെ യു.എ.പി.എ ചുമത്താൻ ന്യൂയോർക്ക് ടൈംസിന്റെ രാഷ്ട്രീയ പ്രേരിതമായ വ്യാജ വാർത്ത വേണ്ടി വന്നു. യഥാർത്ഥ ഇന്ത്യയുടെ കഥ, അതായത് കർഷകരുടെയും തൊഴിലാളികളുടെയും പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെയും
കഥ പറയുന്ന നിർഭയവും സ്വതന്ത്രവുമായ ശബ്ദം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,’ ന്യൂസ്ക്ലിക്ക് പറഞ്ഞു.

തങ്ങളുടെ ഫണ്ടുകൾ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കണ്ടെന്റുകൾ ചൈനീസ് പ്രൊപഗണ്ട പ്രചരിപ്പിക്കുന്നില്ലെന്നും നെവിൽ റോയിയിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നില്ല എന്നും ന്യൂസ്ക്ലിക്ക് വ്യക്തമാക്കി.

തങ്ങൾ പ്രസിദ്ധീകരിച്ച എല്ലാ കണ്ടെന്റുകളും വെബ്സൈറ്റിൽ കാണാമെന്നും ഒരു ലേഖനമോ വിഡിയോയോ പോലും ചൈനീസ് പ്രൊപഗണ്ട പ്രചരിപ്പിക്കുന്നതാണെന്ന് ദൽഹി പൊലീസ് കാണിച്ചിട്ടില്ലെന്നും ന്യൂസ്ക്ലിക്ക് പറഞ്ഞു. തങ്ങൾക്ക് കോടതിയിലും ജുഡീഷ്യൽ പ്രക്രിയകളിലും വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി.

CONTENT HIGHLIGHT: Centre’s move to annihilate true indian voice; NewsClick statement about Delhi Police raid