ന്യൂദല്‍ഹി : കുട്ടികള്‍ക്ക് കൊവിഡിനെതിരെ വാക്‌സിനേഷന്‍ നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം അശാസ്ത്രീയമെന്ന് എ.ഐ.ഐ.എം.എസ് വിദഗ്ദന്‍. ഈ തീരുമാനം അധിക നേട്ടങ്ങളൊന്നുമുണ്ടാക്കില്ലെന്ന് ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഡോ.സഞ്ജയ് കെ. റായ് പറഞ്ഞു.
തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
‘രാജ്യത്തിന് വേണ്ടിയുള്ള നിസ്വാര്‍ത്ഥ സേവനത്തിനും ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് ഞാന്‍. എന്നാല്‍ കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച അദ്ദേഹത്തിന്റെ അശാസ്ത്രീയ തീരുമാനത്തില്‍ ഞാന്‍ പൂര്‍ണ്ണമായും നിരാശനാണ്,’ പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ട് ഡോ.റായ് ട്വീറ്റ് ചെയ്തു.
വാക്സിനുകളെ കുറിച്ച് നമുക്കുള്ള അറിവ് അനുസരിച്ച്, അണുബാധയില്‍ കാര്യമായ കുറവുണ്ടാക്കാന്‍ ബൂസ്റ്ററുകള്‍ക്ക് കഴിയുന്നില്ല. ചില രാജ്യങ്ങളില്‍, ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുത്തതിന് ശേഷവും ആളുകള്‍ രോഗബാധിതരാകുന്നുണ്ട്. കൂടാതെ, യു.കെയില്‍ പ്രതിദിനം 50,000 ത്തോളം വകഭേദങ്ങളിലുള്ള അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിനാല്‍ വാക്‌സിനേഷന്‍ കൊറോണ വൈറസ് അണുബാധയെ തടയുന്നില്ല, എന്നാല്‍ തീവ്രതയും മരണവും തടയാന്‍ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ഇത് തെളിയിക്കുന്നുണ്ടെന്നും ഡോ. റായ് പി.ടി.ഐയോട് പറഞ്ഞു.
കുട്ടികളുടെ കാര്യത്തില്‍, അണുബാധയുടെ തീവ്രത വളരെ കുറവാണെന്നും പബ്ലിക് ഡൊമെയ്നില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം, ഒരു ദശലക്ഷം ജനസംഖ്യയില്‍ രണ്ട് മരണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘ഈ കുട്ടികളില്‍ 15,000 ആളുകള്‍ മരിക്കുന്നില്ല, കൂടാതെ പ്രതികൂല ഇഫക്റ്റുകള്‍ ഉണ്ടാകുന്നു. നിങ്ങള്‍ അപകടസാധ്യതയും ആനുകൂല്യങ്ങളും വിശകലനം ചെയ്യുകയാണെങ്കില്‍, ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങളേക്കാള്‍ അപകടസാധ്യത കൂടുതലാണ്,’ ഡോ. റായ് വിശദീകരിച്ചു.
ഏതൊരു ഇടപെടലിനും വ്യക്തമായ ലക്ഷ്യം ഉണ്ടായിരിക്കണമെന്നും കൊറോണ വൈറസ് അണുബാധയോ തീവ്രതയോ മരണമോ തടയുക എന്നതുമാണ് താന്‍ പറഞ്ഞിന്റെ ലക്ഷ്യമെന്ന് റായ് പറഞ്ഞു.
അതേസമയം, കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ നടപടികളിലേക്ക് രാജ്യം കടക്കുകയാണെന്നും ജനുവരി 3 മുതല്‍ 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു. 15നും 18നും ഇടയിലുള്ള കൗമാരക്കാര്‍ക്കാണ് വാക്സിന്‍ നല്‍കുക.
മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും ലോകത്തില്‍ തന്നെ ആദ്യത്തെ ഡി.എന്‍.എ ഒറിജിന്‍ വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തരമായി ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് എന്ന പേര് പറയാതെ പ്രിക്കോഷണറി ഡോസ് എന്ന പേരാണ് പ്രധാനമന്ത്രി പറഞ്ഞത്.