ന്യൂദല്‍ഹി: നീറ്റ്, യു.ജി.സി-നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് പിന്നാലെ ഡയക്ടര്‍ ജനറല്‍ സുബോധ് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി ദേശീയ പരീക്ഷ ഏജന്‍സി. പകരം റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ് ഖരോലയെ പുതിയ ഡി.ജിയായി നിയമിച്ചു.
നേരത്തെ നീറ്റ്, യു.ജി.സി-നെറ്റ് പരീക്ഷകളുടെ സുതാര്യവും സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി വിദഗ്ധരുടെ ഒരു ഉന്നതതല സമിതിക്ക് വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കിയിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഡി.ജിയെ മാറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഐ.എസ്.ആര്‍.ഒ മുന്‍ മേധാവി ഡോ. കെ.രാധാകൃഷ്ണനാണ് ഈ ഏഴംഗ സമിതിയെ നയിക്കുന്നത്. ഡോ. രണ്‍ദീപ് ഗുലേറിയ, പ്രൊഫ. ബി.ജെ. റാവു, പ്രൊഫ. രാമമൂര്‍ത്തി കെ, പങ്കജ് ബന്‍സാല്‍, ആദിത്യ മിത്തല്‍, ഗോവിന്ദ് ജയ്സ്വാള്‍ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.
അതേസമയം നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാ?ഗില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബീഹാറിലെ പാട്‌നയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചോദ്യപേപ്പര്‍ ജാര്‍ഖണ്ഡില്‍ നിന്ന് ചോര്‍ന്നതാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബീഹാര്‍ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെതാണ് കണ്ടെത്തല്‍.
നേരത്തെ ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ ചോദ്യപേപ്പര്‍ ലഭിച്ചത്. ഇതുവരെ 17 വിദ്യാര്‍ത്ഥികളെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബീഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സ്ഥലങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.
ക്രമക്കേടുകള്‍ സംബന്ധിച്ച കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുമ്പോഴും പരീക്ഷ ഇതുവരെ കേന്ദ്ര സർക്കാർ റദ്ദാക്കിയിട്ടില്ല. തത്ക്കാലം നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
Content Highlight: Centre replaces NTA chief amid NEET-NET row, Pradeep Singh Kharola is new DG