ന്യൂദല്‍ഹി: ജി.എസ്.ടി കാരണമുള്ള നഷ്ടം നികത്തുന്നതിനായി 40,000 കോടി രൂപ അനുവദിച്ച് കേന്ദ്രം. ബാക്ക്-ടു-ബാക്ക് വായ്പാ സൗകര്യത്തിന് കീഴിലുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് കേന്ദ്ര ധനമന്ത്രാലയം നഷ്ട പരിഹാരം അനുവദിച്ചത്.
യഥാര്‍ത്ഥ സെസ് പിരിവില്‍ നിന്നും ഓരോ രണ്ട് മാസത്തിലുമുള്ള ജി.എസ്.ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്.
അഞ്ച് വര്‍ഷത്തെ കേന്ദ്രത്തിന്റെ സെക്യൂരിറ്റി വായ്പകളില്‍ നിന്നുമാണ് ഈ ധനസഹായം നല്‍കുന്നത്. മൊത്തം 23,500 കോടി രൂപയും രണ്ട് വര്‍ഷത്തെ സെക്യൂരിറ്റി തുകയായ 16,500 കോടി രൂപയുമാണ് നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്.
‘ഈ വകയിരുത്തല്‍ കാരണം അധിക മാര്‍ക്കറ്റ് വായ്പയൊന്നും കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടില്ല, ഇത് സംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനും സഹായകമാവും,”ധനമന്ത്രാലയം പറഞ്ഞു.
43ാം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ 1.59 ലക്ഷം കോടി രൂപ കേന്ദ്രം കടം വാങ്ങുമെന്നും, 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ടി നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചെന്നും ധനമന്ത്രാലയം പറഞ്ഞു.
നഷ്ടപരിപഹാരം ലഭിക്കാന്‍ അര്‍ഹരായ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ബാക്ക്-ടു-ബാക്ക് വായ്പാ സൗകര്യത്തിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക് സമ്മതിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
‘കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതിലും മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്.
സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായാണ് കേന്ദ്രം 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ബാക്ക്-ടു-ബാക്ക് വായ്പാ അടിസ്ഥാനത്തില്‍ ഇത്രയും തുക വകയിരുത്തിയിരിക്കുന്നത്,’ ധനമന്ത്രാലയം പറഞ്ഞു. ബാക്കിയുള്ള തുക യഥാസമയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.