തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ കീഴില്‍ 11 കോടി തൊഴില്‍ ദിനങ്ങള്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. തൊഴിലുറപ്പുപദ്ധതിയില്‍ സംസ്ഥാനത്തിനുള്ള വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചു.
2023-24ല്‍ 10കോടി തൊഴില്‍ ദിനങ്ങളാണ് കേരളത്തിനുണ്ടായിരുന്നത്. എന്നാല്‍ 2024-25ല്‍ ഇത് ആറ് കോടിയാക്കി. മാര്‍ച്ച് ആദ്യവാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ തൊഴിലുറപ്പ് എംപവേര്‍ഡ് കൗണ്‍സില്‍ ആറ് കോടി തൊഴില്‍ ദിനങ്ങള്‍ അഞ്ചായി വെട്ടികുറക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് കേരളത്തിന് 11 കോടി തൊഴില്‍ ദിനങ്ങള്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഓരോ ജില്ലകളില്‍ നിന്നുള്ള ആവശ്യങ്ങള്‍ കണക്കിലെടുത്തായിരുന്നു സര്‍ക്കാരിന്റെ നീക്കം. സംസ്ഥാന തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ എ. നസിമുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം തൊഴിലുറപ്പുപദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മാറ്റങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് തൊഴിലുറപ്പ് ഫണ്ട് വിഹിതത്തില്‍ 23,446 കോടി രൂപ കേന്ദ്ര കുടിശികയുണ്ട്. ഇത് ഏകദേശം ബജറ്റ് വിഹിത്തിന്റെ 27.26 ശതമാനം വരും.
കഴിഞ്ഞ ഡിസംബറിന് ശേഷം കേരളത്തിന് കൂലിയോ സാധനസാമഗ്രികളുടെ വിലയോ കിട്ടിയിട്ടില്ലെന്നാണ് വിവരം. കൂലിയിനത്തില്‍ മാത്രമായി 695 കോടി രൂപയും സാധനസാമഗ്രികളുടെ വിലയായി 260 കോടിയും കേരളത്തിന് ഇനിയും ലഭിക്കാനുണ്ട്. അതേസമയം ഇപ്പോള്‍ കേന്ദ്രം അനുവദിച്ച ഫണ്ട് മുന്‍വര്‍ഷങ്ങളിലെ കുടിശിക തീര്‍ക്കാനായിരിക്കും ഉപയോഗിക്കാന്‍ കഴിയുക.
കേരളത്തില്‍ 20,55,855 കുടുംബങ്ങളാണ് തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. പദ്ധതിയ്ക്ക് കീഴില്‍ 346 രൂപയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് കേന്ദ്രം വേതനമായി തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറേ കാലങ്ങളായി തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയിൽ വർധനവ് വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കേരളത്തിന്റെ ആവശ്യം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്.
പക്ഷെ പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിൽ തൊഴിലുറപ്പ് ദിനങ്ങൾ നൂറിൽ നിന്ന് 150 ആയി ഉയർത്തണമെന്നും വേതനം വർധിപ്പിക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. ആധാർ അധിഷ്ഠിത വേതന വിതരണം നിർബന്ധമാക്കരുതെന്നും കമ്മിറ്റി പറയുന്നു. പശ്ചിമ ബംഗാളിന് തടഞ്ഞുവെച്ച ഫണ്ട് അനുവദിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.
Content Highlight: Centre rejects state’s demand for 11 crore work days under National Rural Employment Guarantee