പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത്; എൻ.സി.ഇ.ആർ.ടി തീരുമാനം പുനപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
Kerala News
പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത്; എൻ.സി.ഇ.ആർ.ടി തീരുമാനം പുനപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2024, 4:28 pm

തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്ന് ഉപയോഗിക്കണമെന്ന എൻ.സി.ഇ.ആർ.ടി സമിതിയുടെ ശുപാർശ പുനപരിശോധിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.

പാഠപുസ്തകങ്ങളിൽ ഭാരതിന് പകരം ഇന്ത്യ എന്ന് തന്നെ ഉപയോഗിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

ഭരണഘടന രണ്ട് പേരുകളും അംഗീകരിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഭാരത് എന്ന് സാമൂഹ്യ ശാസ്ത്ര പുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് എൻ.സി.ഇ.ആർ.ടി സോഷ്യോളജി കമ്മിറ്റി ശുപാർശ ചെയ്തതിനെ തുടർന്ന് ഒക്ടോബറിൽ ഇതിനെതിരെ സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

തലമുറകളായി രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും വിദ്യാർത്ഥികൾ ഇന്ത്യ എന്ന പേരിന് കീഴിലാണ് പഠിച്ചത് എന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടിയിരുന്നു. പേരിൽ പെട്ടെന്നുള്ള മാറ്റം ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടി നൽകുകയായിരുന്നു ധർമേന്ദ്ര പ്രധാൻ. എൻ.സി.ഇ.ആർ.ടി ‘ഇന്ത്യ’യെയും ‘ഭാരത’ത്തെയും അംഗീകരിക്കുന്നുണ്ടെന്നും ഒന്ന് മറ്റൊന്നിനെക്കാൾ അനുകൂലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ യൂണിയൻ ആയിരിക്കുമെന്ന്’ പറയുന്നതായി ശിവൻകുട്ടിക്ക് പ്രധാൻ അയച്ച കത്തിൽ പറയുന്നു.

‘ഇന്ത്യൻ ഭരണഘടന ‘ഇന്ത്യ’യെയും ‘ഭാരത’ത്തെയും രാജ്യത്തിന്റെ ഔദ്യോഗിക പേരുകളായി അംഗീകരിച്ചിട്ടുണ്ട്. ഇത് രണ്ടും ഉപയോഗിക്കാവുന്നതാണ്. എൻ.സി.ഇ.ആർ.ടി ഈ ആശയത്തെ ഉൾക്കൊള്ളുന്നു. അല്ലാതെ യാതൊരു വിവേചനവും കാണിച്ചിട്ടില്ല,’ കേന്ദ്രമന്ത്രി കത്തിൽ പറയുന്നു.

പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രവും ഗാന്ധി വധത്തെ തുടർന്ന് ആർ.എസ്.എസിനെ നിരോധിച്ചതും വെട്ടി മാറ്റിയതിന്റെ തുടർച്ചയാണ് പേരിലെ മാറ്റമെന്നും ഇതിന് പിന്നിലെ രാഷ്ട്രീയം പകൽപോലെ വ്യക്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു.

CONTENT HIGHLIGHT: Centre rejects Kerala’s demand to reconsider ‘India’ to ‘Bharat’ in textbooks