ന്യൂദൽഹി: കേന്ദ്ര സർക്കാരുമായുള്ള കർഷകരുടെ പത്താം ഘട്ട ചർച്ച ഒത്തു തീർപ്പിലെത്തുമെന്ന് സൂചനകൾ. ഒന്നര വർഷത്തേക്ക് നിയമം നടപ്പിലാക്കില്ലെന്ന ഉറപ്പ് ഇന്ന് കർഷകർക്ക് കേന്ദ്രം നൽകിയിരുന്നു. ഇത് പരിഗണിക്കുമെന്നാണ് കർഷക സമരത്തിന് നേതൃത്വം നൽകുന്നവർ അറിയിച്ചതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
പത്താം ഘട്ട ചർച്ചയ്ക്കിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ചർച്ച ചെയ്യുന്ന പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകുമെന്ന ഉറപ്പും കേന്ദ്രം നൽകിയിട്ടുണ്ട്, ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതാവ് ബൽകിഷൻ സിംഗ് പറഞ്ഞു. ഈ പ്രത്യേക കമ്മിറ്റിയുടെ പഠനം കഴിയുന്നതുവരെ നിയമം നടപ്പിലാക്കില്ലെന്നാണ് കേന്ദ്രം നൽകിയ ഉറപ്പ്.
നേരത്തെ കാർഷിക നിയമം നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഏകേദശം അഞ്ച് മണിക്കൂറോളമാണ് കേന്ദ്രം കര്‍ഷകരുമായി ഇന്ന് ചര്‍ച്ച നടത്തിയത്.
നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തിയത്. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.
നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു.
ജനുവരി 26 ന് ദല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി കേന്ദ്രം ഇന്ന് പിന്‍വലിച്ചിരുന്നു.
ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.
കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്നറിയാന്‍ ജനുവരി 25 ന് ഹരജി വീണ്ടും പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അപേക്ഷയും ജഡ്ജിമാര്‍ അപേക്ഷ തള്ളിക്കളയുകയായിരുന്നു.