ന്യൂദൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കരട് രൂപരേഖ തയ്യാറാക്കി കേന്ദ്ര സർക്കാർ.
തിരിച്ചെത്തിക്കേണ്ട പ്രവസാസികളുടെ മുൻഗണനാ പട്ടികയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയത്. ഇതനുസരിച്ച് ഗൾഫ് മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികൾക്കായിരിക്കും പ്രഥമ പരിഗണന ലഭിക്കുക. ഇവരെ തിരിച്ചെത്തിച്ചതിന് ശേഷം വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് പരിഗണ നൽകും.
പ്രത്യേക കൺട്രോൾ റൂമിന്റെ സഹായത്താലാണ് തിരികെ എത്തിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലായിരിക്കും ഈ പട്ടിക തയ്യാറാക്കുക. വിശദമായ ആരോഗ്യ പരിശോധനയും വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന ഇന്ത്യക്കാർക്ക് ഏർപ്പെടുത്തും. നാട്ടിലെത്തിച്ചതിന് ശേഷം ഇവരെ ക്വാറന്റയിനിലാക്കും.
നിരവധി പേരാണ് കൊവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഏകദേശം 40000ത്തിലധികം വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലുണ്ടെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ വിദേശ രാജ്യങ്ങളിൽ വിസിറ്റിങ്ങ് വിസയ്ക്ക് പോയവരും വിസ കാലാവധി തീർന്നവരും കുടുങ്ങിക്കിടക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക