ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുകയും മൂന്നാം തരംഗത്തിന് സാധ്യതയും സജീവമായതോടെ ദേശീയ ലോക്ക്ഡൗണ്‍ സര്‍ക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. നീതി ആയോഗ് ചെയര്‍മാനും കൊവിഡ് 19 ടാസ്‌ക് ഫോഴ്‌സ് തലവനുമായ വി.കെ പോളാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.
കൊവിഡ് അവലോകനയോഗത്തില്‍ ദേശീയ ലോക്ക്ഡൗണിനെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ആരോഗ്യവിദഗ്ധരും രാഷ്ട്രീയ നേതാക്കളും ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
‘നിലവില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പലഭാഗത്ത് നിന്നും വരുന്നുണ്ട്. ആവശ്യമെങ്കില്‍ അത്തരം നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യും’, വി.കെ പോള്‍ പറഞ്ഞു.
അതേസമയം കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഇപ്പോള്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെല്ലായിടത്തേക്കും ഓക്സിജന്‍ വിതരണം ചെയ്യുന്നതിനായുള്ള നയം പുതുക്കണം. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യത്തെ മുഴുവന്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള നയ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കാന്‍ എല്ലാം നേരത്തെ തന്നെ കരുതി വെക്കണമെന്നും കോടതി നിര്‍ദേശിച്ചു. ദല്‍ഹിയിലേക്കുള്ള ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.
‘കൊവിഡിന്റെ മൂന്നാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിനായി ഇന്നു തന്നെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊള്ളുക. മൂന്നാം തരംഗത്തില്‍ കുട്ടികളെയും കാര്യമായി ബാധിച്ചേക്കാം. കുട്ടികള്‍ക്കും വാക്സിന്‍ ഉറപ്പുവരുത്തണം. നിങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മൂന്നാം തരംഗവും മുന്നില്‍ കണ്ടു കൊണ്ട് തയ്യാറാക്ക ണം,’ കോടതി പറഞ്ഞു.
മൂന്നാം തരംഗത്തിനെ നേരിടാനുള്ള നയ രൂപീകരണത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അതിന് കേന്ദ്രമായിരിക്കും ഉത്തരവാദികള്‍ എന്നും ആ ഉത്തരവാദിത്തം കേന്ദ്രം തന്നെ നിറവേറ്റേണ്ടി വരുമെന്നും കോടതി താക്കീത് നല്‍കി.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. രണ്ടാം തരംഗം വ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ അന്താരാഷ്ട്ര മാധ്യമമായ റോയ്ട്ടേഴ്സിനോട് വെളിപ്പെടുത്തിയിരുന്നു.
മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും കേന്ദ്രം നടപടികള്‍ കൈക്കൊള്ളാഞ്ഞതാണ് കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിന് ഇടയാക്കിയതെന്നും വിമര്‍ശനമുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Centre on nationwide lockdown amid Covid crisis