| Wednesday, 6th December 2017, 11:36 am

ദളിതരുമായുള്ള മിശ്ര വിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രം

എഡിറ്റര്‍

ന്യൂദല്‍ഹി: ദളിതരുമായുള്ള മിശ്രവിവാഹങ്ങള്‍ക്ക് 2.5 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കായിരുന്നു നേരത്തെ തുക പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം വരുമാനം ബാധകമല്ല.

വധുവോ വരനോ ആരെങ്കിലുമൊരാള്‍ ദളിത് ആയിരിക്കുന്നവര്‍ക്കാണ് പദ്ധതിയില്‍ നിന്നും തുക ലഭിക്കുക.

മിശ്രവിവാഹത്തിലൂടെ സാമൂഹിക ഏകീകരണം ലക്ഷ്യമിട്ടുകൊണ്ട് 2013 ലാണ് ഡോ. അംബേദ്കര്‍ സ്‌കീം” ആരംഭിച്ചത്. പ്രതിവര്‍ഷം കുറഞ്ഞത് 500 വിവാഹങ്ങളെങ്കിലും ഇത്തരത്തില്‍ നടത്തണമെന്ന് ലക്ഷ്യംവെച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.

എന്നാല്‍ ദമ്പതികളുടെ വാര്‍ഷികവരുമാനം 5 ലക്ഷത്തില്‍ മുകളിലുള്ളവര്‍ക്ക് പദ്ധതി പ്രകാരമുള്ള തുക നല്‍കില്ലെന്നായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. ആദ്യ വിവാഹമായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. മാത്രമല്ല ഹിന്ദു മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന വിവാഹമായിരിക്കുകയും വേണം.


Dont Miss ഓഖി; കേന്ദ്ര ഏജന്‍സികള്‍ സമയത്ത് മുന്നറിയിപ്പ് നല്‍കിയില്ല;സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും പിണറായി വിജയന്‍


അടുത്തിടെ സാമൂഹ്യനീതി വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് അയച്ച അറിയിപ്പില്‍ ദമ്പതികളുടെ വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചിട്ടില്ലെന്നും പദ്ധതിക്ക് കീഴിലുള്ള തുക ലഭിക്കുന്നതിന് വാര്‍ഷിക വരുമാനം ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ദമ്പതികള്‍ അവരുടെ ആധാര്‍ കാര്‍ഡ് നമ്പറും വിവരങ്ങളും ആധാറുമായി ബന്ധിപ്പിച്ച ജോയിന്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ ഇതേ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ അതില്‍ വരുമാന പരിധി വെച്ചിട്ടില്ല. അതുകൊണ്ട് തന്നെ കേന്ദ്രവും അത് ഒഴിവാക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more