മൂന്ന് നിയമങ്ങളും ഭേദഗതി നടത്താമെന്ന് കേന്ദ്രം; ഉരുണ്ടുകളിക്കാതെ നിയമം പിന്‍വലിക്കെന്ന് കര്‍ഷകര്‍
farmer protests
മൂന്ന് നിയമങ്ങളും ഭേദഗതി നടത്താമെന്ന് കേന്ദ്രം; ഉരുണ്ടുകളിക്കാതെ നിയമം പിന്‍വലിക്കെന്ന് കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2020, 8:05 am

ന്യൂദല്‍ഹി: കഴിഞ്ഞദിവസം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ണപരാജയമായിരുന്നു. തുടര്‍ ചര്‍ച്ച ഡിസംബര്‍ അഞ്ചിന് നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇന്ന് ആവശ്യപ്പെടുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൃത്യമായ ഉത്തരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

തങ്ങളുടെ ഭാഗത്തു നിന്നുള്ള ചര്‍ച്ച അവസാനിച്ചിരിക്കുകയാണെന്നും ഇന്ന് തങ്ങള്‍ക്ക് ഒരുത്തരം തന്നില്ലെങ്കില്‍ തുടര്‍ന്നുള്ള ഒരു ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ പ്രതിഭ ഷിന്‍ഡേ അറിയിച്ചു.

മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. എന്നാല്‍ ഭേദഗതിയല്ല വേണ്ടത് നിയമം പിന്‍വലിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

സര്‍ക്കാരിന് ഈഗോ ഇല്ലെന്നും അതുകൊണ്ട് ശനിയാഴ്ചയും ചര്‍ച്ച നടത്താമെന്നാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരിഹാരമില്ലാതെ അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പറഞ്ഞത്.

ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് വ്യാഴാഴ്ച നടന്നത്. സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയാണ് കര്‍ഷകരുമായി നടത്തിയതെന്നാണ് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍
അവകാശപ്പെട്ടത്.

അതേസമയം, ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Centre Offered To Amend Farm Laws, updates Farmers protest