| Thursday, 24th March 2022, 7:59 am

റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം കേന്ദ്രം ഉപേക്ഷിക്കണം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുകയെന്ന തീരുമാനം കേന്ദ്രം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദേശീയ ഗതാഗത വികസനത്തിന് നല്‍കിയ സംഭാവനകള്‍ക്ക് മുന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്ക് അര്‍ഹമായ ക്രെഡിറ്റ് നല്‍കിയില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരാപിച്ചു.

കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് അല്ലാതെ പാവപ്പെട്ടവന്റെ പട്ടിണി മാറ്റാനോ അവന് ജോലി നല്‍കാനോ അല്ല. റെയില്‍വേയുടെ വികസനത്തിന് മുന്‍ സര്‍ക്കാര്‍ നല്‍കിയ സംഭാവനകളെ കുറിച്ചും കേന്ദ്രം വിസ്മരിച്ചിരിക്കുന്നു. ഇത്രയും വിദ്വഷം ജനാധിപത്യത്തില്‍ അവര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് നിലനില്‍പ്പിനെ വളരെ മോശമായി തന്നെ ബാധിക്കും.

2.65 ലക്ഷത്തോളം ജോലി ഒഴിവുകള്‍ റെയില്‍വേയിലുണ്ട്. 3.18 ലക്ഷം പേരാണ് ദിവസകൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. 9.67 ലക്ഷം പോസ്റ്റുകള്‍ സ്ഥിരനിയമനങ്ങളാണ്. റെയില്‍വേ നഷ്ടത്തിലാണെന്ന് കാണിച്ച് അതിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആ ഒരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണം. റെയില്‍വേ സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നത് ചരക്കിന്റെ വില വര്‍ധിക്കുന്നതിന് കാരണമാകും,’ മല്ലികാര്‍ജുന്‍ പറഞ്ഞു.

അവസാന മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കൊണ്ടുവന്നത്. 400 വന്ദേ ഭാരത് ട്രെയിനുകളായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്കത് നടപ്പിലാക്കാന്‍ സാധിക്കുമോ. കേന്ദ്രസര്‍ക്കാര്‍ 2022ലാണ് ജപ്പാനുമായി ചേര്‍ന്ന് ബുള്ളറ്റ് ട്രെയിനുകള്‍ക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഇന്നും പദ്ധതിയുടെ പ്രാരംഭഘട്ടം തന്നെ മന്ദഗതിയിലാണ് നീങ്ങികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് യാതൊരു വിധ തീരുമാനവുമില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റെയില്‍വേയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1.14 ലക്ഷം ഒഴിവുകളാണ് റെയില്‍വേയിലുള്ളതെന്നും വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Centre Must Give Up Idea Of Privatisation Of Railways: Mallikarjun Kharge

Latest Stories

We use cookies to give you the best possible experience. Learn more