സംസ്ഥാനങ്ങളുടെ ഇടപെടല്‍ തടയാന്‍ പൗരത്വ നല്‍കല്‍ ഓണ്‍ലൈനാക്കാന്‍ കേന്ദ്രം; പുതിയ നീക്കം ഇങ്ങനെ
Citizenship Amendment Act
സംസ്ഥാനങ്ങളുടെ ഇടപെടല്‍ തടയാന്‍ പൗരത്വ നല്‍കല്‍ ഓണ്‍ലൈനാക്കാന്‍ കേന്ദ്രം; പുതിയ നീക്കം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2020, 11:55 am

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായിരിക്കെ പൗരത്വത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ജില്ലാ മജിസ്‌ട്രേറ്റുമാരുടെ കീഴില്‍ പുതിയ സംവിധാനത്തിനാണു രൂപം നല്‍കുക. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അപേക്ഷ സമര്‍പ്പിക്കുന്നതു മാത്രമല്ല, രേഖകളുടെ പരിശോധനയും പൗരത്വ അനുവദിക്കുന്നതും ഓണ്‍ലൈന്‍ വഴിയായിരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള പൗരത്വ നടപടികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു തരത്തിലുമുള്ള ഇടപെടല്‍ നടത്താന്‍ സാധിക്കില്ലെന്നും മന്ത്രാലയം പറഞ്ഞു.

പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിരോധം, വിദേശകാര്യം, റെയില്‍വേ, പൗരത്വ, വിദേശിക്കു പൗരത്വം നല്‍കല്‍ എന്നിവയടക്കം 97 വിഷയങ്ങള്‍ കേന്ദ്രത്തിന്റെ കീഴിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വം സംബന്ധിച്ച ഏത് നിയമവും പാസാക്കാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂവെന്നു നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു.

കേരള നിയമസഭ ഉള്‍പ്പെടെയുള്ള ഒരു സംസ്ഥാന നിയമസഭകള്‍ക്കും അതിനുള്ള അധികാരമില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി എം.പി അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. ജി.വി.എല്‍ നരസിംഹ റാവുവാണ് പിണറായി വിജയനെതിരെ നോട്ടീസ് നല്‍കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ഇന്നലെ കേരളാ നിയമസഭയില്‍ പാസായി. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നതും പാസാക്കുന്നതും.