| Sunday, 15th July 2018, 6:25 pm

അധികാരത്തര്‍ക്കം പുതുച്ചേരിയിലും: ഗവര്‍ണറുടെ ഇടപെടല്‍ കാരണം ബജറ്റ് അവതരണം വൈകിയെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കം ദല്‍ഹിക്കു ശേഷം പുതുച്ചേരിയിലേക്കും നീളുന്നു. ലഫ്‌നന്റ് ഗവര്‍ണറുടെയും കേന്ദ്രത്തിന്റെയും ഇടപെടല്‍ കാരണം ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി.

പ്രാദേശിക ബജറ്റ് തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും പോലും തനിക്ക് ധാരാളം പ്രതിബന്ധങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നുവെന്നാണ് നാരായണസ്വാമിയുടെ പരാതി. ഇക്കാരണത്താല്‍ കൃത്യസമയത്ത് ബജറ്റ് തയ്യാറാക്കി അവതരിപ്പിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

“ജൂലായ് രണ്ടിന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് യഥാര്‍ത്ഥത്തില്‍ മേയില്‍ അവതരിപ്പിക്കേണ്ടതായിരുന്നു. കേന്ദ്രം സമയത്ത് ഫണ്ട് അനുവദിക്കാതിരുന്നതും ക്യാബിനറ്റില്‍ നിന്നും ലഫ്‌നന്റ് ഗവര്‍ണറുടെ പരിഗണനയ്ക്ക് അനാവശ്യമായി ഫയലുകള്‍ നീക്കിയതും തിരിച്ചടിയായി. ബജറ്റ് സമയത്ത് അവതരിപ്പിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, വിവിധ പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കുന്നതിലും തടസ്സം നേരിട്ടു.” അദ്ദേഹം പറയുന്നു.


Also Read: കാണാതാവുന്ന എല്ലാ പെണ്‍കുട്ടികളും കാമുകന്‍മാരോടൊപ്പം ഒളിച്ചോടിയതാണെന്ന് കരുതരുത്: ബോംബെ ഹൈക്കോടതി


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ. കാമരാജിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവെയാണ് മുഖ്യമന്ത്രി നാരായണസ്വാമി ഭരണകാര്യങ്ങളില്‍ നേരിടേണ്ടി വരുന്ന തടസ്സത്തിലുള്ള അതൃപ്തി വ്യക്തമാക്കിയത്.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരുന്നതുവരെ പുതുച്ചേരിയിലും കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ഭരണം സുഗമമായിരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗജന്യ അരി വിതരണത്തിനായുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള പ്രയത്‌നത്തിലാണ് സര്‍ക്കാര്‍ എന്നും നാരായണസ്വാമി കൂട്ടിച്ചേര്‍ത്തു. ബജറ്റിനത്തിന്റെ 16 ശതമാനം തുക പട്ടികവിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി മാറ്റിവയ്ക്കുമെന്നും വയോധികര്‍ക്കും വിധവകള്‍ക്കും പ്രതിമാസം ധനസഹായം നല്‍കുമെന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

“ജനങ്ങളോട് ഉത്തരം പറയേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കാണ്. ഇതിനോടകം തന്നെ ധാരാളം തടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട ഗ്രാന്റുകള്‍ സമയത്തു ലഭിക്കുന്നില്ല. ക്യാബിനറ്റു തീരുമാനങ്ങള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നില്ല.” നാരായണസ്വാമി പറയുന്നു.


Also Read: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 5 കോടി ഇന്ത്യാക്കാരുടെ ദാരിദ്ര്യം മാറ്റി; വികസനം നടക്കാത്തത് പ്രതിപക്ഷം കാരണം: നരേന്ദ്ര മോദി


2016 മേയില്‍ കിരണ്‍ ബേദി അധികാരമേറ്റതുമുതല്‍ നാരായണസ്വാമിയുമായി സ്വരച്ചേര്‍ച്ചയിലല്ല. അധികാരത്തില്‍ കൈകടത്തുന്ന നടപടികളാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് നിരവധി തവണ മുഖ്യമന്ത്രി ആരോപിച്ചിട്ടുണ്ട്.

ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളും ഗവര്‍ണര്‍ അനില്‍ ബൈജാലുമായുള്ള അധികാരത്തര്‍ക്കം ചര്‍ച്ചയായതിനു പിന്നാലെയാണ് നാരായണസ്വാമിയുടെ പുതിയ പരാമര്‍ശം.

We use cookies to give you the best possible experience. Learn more