ന്യൂദല്‍ഹി: ആഗോളതലത്തില്‍ ഹാക്കര്‍മാര്‍ ട്വിറ്റര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി ഹൈ പ്രൊഫൈലുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആശങ്ക വ്യാപിക്കെ ട്വിറ്ററിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ നോട്ടീസ്.
ഹൈ പ്രൊഫൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് സമീപകാലത്ത് ആഗോളതലത്തില്‍ നടന്ന ഹാക്കിങ് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്.
എത്ര ഇന്ത്യന്‍ ഉപയോക്താക്കളെ ഹാക്കിങ് ബാധിച്ചിട്ടുണ്ടെന്നും എത്രപേരുടെ ഡാറ്റ ഹാക്കിങിലൂടെ നഷ്ടമായിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളാണ് ഇന്ത്യ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.
വിവരങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്നും വിവരങ്ങള്‍ അപഹരിക്കപ്പെടുന്നത് തടയാന്‍ ട്വിറ്റര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍.എന്നാല്‍ ട്വിറ്റര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
നിരവധി ആഗോള കോര്‍പ്പറേറ്റ് നേതാക്കള്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, ബിസിനസുകാര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ ഹാക്കുചെയ്യുന്നതിന് ഹാക്കര്‍മാര്‍ ട്വിറ്ററിന്റെ സംവിധാനങ്ങളിലേക്ക് പ്രവേശനം നേടി എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി.ഇ.ആ.ര്‍ടി-ഇന്‍) പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, ഡെമോക്രാറ്റിക് പ്രസിഡന്റ് ഫ്രണ്ട് റണ്ണര്‍ ജോ ബൈഡന്‍, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ടെസ്ല സി.ഇ.ഒ എലോണ്‍ എന്നിവരുള്‍പ്പെടെ ആഗോളതലത്തില്‍ ഉപയോക്താക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ