ന്യൂദല്‍ഹി: പൊതുഇടങ്ങളിലുള്‍പ്പെടെയുള്ള ശൗചാലയങ്ങള്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നിര്‍മ്മിച്ചവയാണ്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇതില്‍ ഏത് ശൗചാലയത്തില്‍ പോകും? ഇവര്‍ക്കായി പ്രത്യേക ശൗചാലയം ഇല്ല. പ്രത്യേക ശൗചാലയം ഇവര്‍ക്ക് വേണ്ടി നിര്‍മ്മിക്കുക എന്നത് പെട്ടെന്ന് നടപ്പുള്ള കാര്യവുമല്ല. ഇത്രയും കാലം നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇപ്പോള്‍ പരിഹാരമായിരിക്കുകയാണ്.
സാനിറ്റേഷന്‍ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം പൊതു ശൗചാലയങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ള ശൗചാലയത്തില്‍ പോകാം. സ്ത്രീകള്‍ക്കുള്ള ശൗചാലയം ഉപയോഗിച്ചതിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ആക്രമിക്കപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്.
ഏതൊരാളേയും പോലെ ശൗചാലയം ഉപയോഗിക്കാനുള്ള അവകാശം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും ഉണ്ടെന്ന് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. പൊതു ശൗചാലയങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതാണ്. ആശയക്കുഴപ്പമില്ലാതെ സമൂഹത്തിലുള്ള അത് സൗകര്യവും ഉപയോഗിക്കുക എന്നത് അവരുടെ അടിസ്ഥാന ആവശ്യമാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍ നിര്‍മ്മിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാറിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 2011-ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തോളം ട്രാന്‍സ്‌ജെന്‍ഡറുകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. നേരത്തേ എല്‍.ജി.ബി.ടിയിലെ ഓരോ വിഭാഗത്തിനും തമിഴ് ഭാഷയില്‍ പ്രത്യേക പേര് നല്‍കിയിരുന്നു.
ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ശൗചാലയം ഉപയോഗിക്കാമെന്ന നിയമം കൊണ്ടു വന്നിരുന്നു. എന്നാല്‍ ഈ നിയമം പുതിയ പ്രസിഡന്റായ ഡൊണാള്‍ഡ് ജെ. ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ റദ്ദാക്കി.