Advertisement
Kerala News
നരേന്ദ്ര മോദി പ്രവാസികളെ തിരികെയെത്തിക്കില്ല എന്ന ധാരണയിലായിരുന്നോ പ്രഖ്യാപനങ്ങൾ?; ക്വാറന്റൈന് പ്രവാസികളിൽ നിന്നും പണം വാങ്ങാൻ കേന്ദ്രം ആവശ്യപ്പെട്ടില്ലെന്ന് വി.മുരളീധരൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 27, 11:13 am
Wednesday, 27th May 2020, 4:43 pm

തിരുവനന്തപുരം: കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളിൽ നിന്ന് നിർബന്ധിത ക്വാറന്റൈനു പണം വാങ്ങണമെന്ന് കേന്ദ്രം സർക്കാർ ആവശ്യപ്പെട്ടിട്ടില്ല എന്ന് കേന്ദ്ര വിദേശകാര്യ സഹാമന്ത്രി വി. മുരളീധരൻ.

ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കുന്നതിന് പണം വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിർദേശമുണ്ടെന്നാണ് സംസ്ഥാന സർക്കാരിലെ ചിലർ പറയുന്നത്. എന്നാൽ കേന്ദ്ര സർക്കാർ മാർ​ഗനിർദേശങ്ങളിൽ പറഞ്ഞത് പണം വാങ്ങിയുള്ള നിർബന്ധിത ക്വാറന്റൈനുമാകാം എന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ നിന്നും നിർബന്ധിച്ച് പണം വാങ്ങണമെന്ന് കേരള സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല എന്നും വി. മുരളീധരൻ പറഞ്ഞു.

നരേന്ദ്രമോദി സർക്കാർ പ്രവാസികളെ തിരികെയെത്തിക്കില്ല എന്ന ധാരണയിലാണോ മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ എല്ലാം നടത്തിയതെന്ന് മുരളീധരൻ ചോദിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലയളവിൽ കഷ്ടിച്ച് 10000 പ്രവാസികൾ മാത്രമാണ് എത്തിയത്. ഇനിയുള്ള ആഴ്ച്ചകളിൽ കൂടുതൽ ആളുകൾ തിരികെയെത്തും. ഇത്തരം സാ​ഹചര്യങ്ങൾ മുൻകൂട്ടി കാണാതെ കത്തെഴുതിയിട്ടുമാത്രം കാര്യമില്ലെന്നും വി. മുരളീധരൻ പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തെയും വി.മുരളീധരൻ വിമർശിച്ചു. സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടോയെന്നത് പരിശോധിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്. ടെസ്റ്റിങ്ങിന്റെ കാര്യത്തിൽ സംസ്ഥാനം ഇപ്പോൾ 26ാം സ്ഥാനത്താണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക