ന്യൂദൽഹി: ആർ.എസ്.എസിൽ ചേരാനുള്ള സർക്കാർ ജീവനക്കാർ ആർ.എസ്.എസിൽ ഭാഗമാകുന്നതിനുള്ള നിരോധനം കേന്ദ്രം നീക്കിയതിനെതിരെ കോൺഗ്രസ്. സർക്കാരിന്റെ ഉത്തരവ് പങ്കു വെച്ച് കൊണ്ട് എക്സിൽ കോൺഗ്രസ് പാർട്ടി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് ഉത്തരവിന്റെ പകർപ്പ് സഹിതം പോസ്റ്റ് ചെയ്തത്.
പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം ജൂലൈ 9നാണ് മെമ്മോറാണ്ടം പോസ്റ്റ് ചെയ്തത്. മെമ്മോറാണ്ടത്തിൽ 1966 നവംബർ 30, 1970 ജൂലൈ 25, 1980 ഒക്ടോബർ 28 മുതലുള്ള മുൻ ഉത്തരവുകൾ പരാമർശിക്കുന്നുണ്ട്. ഈ നിർദേശങ്ങൾ അവലോകനം ചെയ്തതായും ഈ ഉത്തരവുകളിൽ നിന്ന് ആർ.എസ്.എസ് എന്ന പരാമർശം നീക്കം ചെയ്യാൻ തീരുമാനിച്ചതായും മെമ്മോറാണ്ടത്തിൽ പറയുന്നു.
‘ഗാന്ധിജിയുടെ കൊലപാതകത്തെത്തുടർന്ന് 1948 ഫെബ്രുവരിയിൽ ആർ.എസ്.എസിനെ നിരോധിച്ചിരുന്നു. തുടർന്ന്, നല്ല പെരുമാറ്റത്തിൻ്റെ ഉറപ്പിന്മേൽ ആണ് നിരോധനം പിൻവലിച്ചത്. 1966ൽ സർക്കാർ ജീവനക്കാർ ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ ഉത്തരവിലൂടെ 58 വർഷമായി നില നിന്നിരുന്ന നിരോധനമാണ് മോദി സർക്കർ നീക്കിയത്,’ ജയറാം രമേശ് പറഞ്ഞു.
ഹിന്ദുത്വ സംഘടനയുടെ അംഗങ്ങൾക്കുള്ള യൂണിഫോമിൻ്റെ ഭാഗമായിരുന്ന കാക്കി ഷോർട്ട്‌സിനെ പരാമർശിച്ചു കൊണ്ട് ബ്യൂറോക്രസിക്ക് ഇപ്പോൾ നിക്കറിലും വരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് പവൻ ഖേരയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി.
ബി.ജെ.പിയുടെ പബ്ലിസിറ്റി സെൽ മേധാവി അമിത് മാളവ്യയും പേഴ്‌സണൽ ആൻ്റ് ട്രെയിനിംഗ് വകുപ്പിൻ്റെ ജൂലൈ 9 ലെ ഉത്തരവിൻ്റെ പകർപ്പ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. 58 വർഷം മുമ്പ് 1966-ൽ, ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തി പുറപ്പെടുവിച്ച ഭരണഘടനാ വിരുദ്ധ ഉത്തരവ് മോദി സർക്കാർ പിൻവലിച്ചിരിക്കുന്നുവെന്നാണ് പോസ്റ്റ് പങ്കു വെച്ചുകൊണ്ട് മാളവ്യ എക്സിൽ കുറിച്ചത്.
Content Highlight: Centre has removed decades-old ban on government staff joining RSS, claim Congress leaders